ഇനി ഡി.വൈ.എഫ്.ഐയില്‍ ഇല്ല; നീതി കിട്ടാക്കനിയായ ആ പെണ്‍കുട്ടി പറയുന്നു

സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എന്‍ട്രന്‍സ് കോച്ചിങ് കേന്ദ്രത്തില്‍ പഠിക്കാനായിരുന്നു തൃശൂര്‍ ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ ആഗ്രഹം. തിരുവനന്തപുരത്തെ ഈ സ്ഥാപനത്തില്‍ സീറ്റ് തരപ്പെടുത്താന്‍ പെണ്‍കുട്ടിയും കുടുംബവും ശ്രമിച്ചു. തിരുവനന്തപുരത്ത് പോയി. താമസം സ്ഥലം എം.എല്‍.എയുടെ ഹോസ്റ്റലിലും പറഞ്ഞു ശരിയാക്കി. പെണ്‍കുട്ടിയുടെ അമ്മ സി.പി.എമ്മിന്റെ വനിതാ നേതാവ് കൂടിയാണ്. നാട്ടിലെ ഡി.വൈ.എഫ്.ഐ. നേതാവായ ജീവന്‍ലാല്‍ തിരുവനന്തപുരത്തേയ്ക്കു പോകുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ വീട്ടുകാര്‍ സധൈര്യം കൂടെ വിട്ടു. നാട്ടിലേക്ക് മടങ്ങുന്ന ദിവസം എം.എല്‍.എ. ഹോസ്റ്റലിലേക്ക് എത്തിയ ജീവന്‍ലാല്‍ ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി.

പാര്‍ട്ടിക്ക് പരാതി നല്‍കി

സി.പി.എം. സഹയാത്രികരായ കുടുംബം ആദ്യം ലോക്കല്‍ സെക്രട്ടറിക്കും ഏരിയാ സെക്രട്ടറിക്കും പരാതി നല്‍കി. ഗൗനിച്ചില്ല. ആരോപണ വിധേയനായ ഡി.വൈ.എഫ്.ഐ. നേതാവിന് എതിരെ ഒരു നടപടിയും വന്നില്ല. അപമാനിതയായ പെണ്‍കുട്ടി പരാതിയില്‍ ഉറച്ചുനിന്നു. അവസാനം, ഇരിങ്ങാലക്കുട ഡിവൈ.എസ്.പിക്കു പരാതി നല്‍കി. സെപ്തംബര്‍ നാലിന് കാട്ടൂര്‍ പൊലീസ് കേസെടുത്തു. സംഭവം നടന്നത് തിരുവനന്തപുരത്തെ എം.എല്‍.എ. ഹോസ്റ്റലില്‍. കേസ് , അവിടേയ്ക്കു മാറ്റി. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. 

മൂന്നു തവണ പെണ്‍കുട്ടിയെ തിരുവനന്തപുരത്തേയ്ക്കു വിളിപ്പിച്ചു. കാട്ടാക്കട മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കി. പൊലീസിന് മൊഴി കൊടുത്തു. പ്രതിയെ തേടി ഒരിക്കല്‍ പോലും പൊലീസ് കാട്ടൂരില്‍ വന്നില്ല. പരാതിക്കാരിയെ മൂന്നുതവണ വിളിപ്പിച്ച പൊലീസ് പ്രതിയെ അന്വേഷിച്ചുപോലുമില്ല. പരാതി കൊടുത്തിട്ട് ഇത്രയും നാള്‍ കഴിഞ്ഞിട്ടും പ്രതി നാട്ടില്‍ വിലസി നടന്നു. അതും ലൈംഗികാതിക്രമണ കേസിലെ പ്രതി.

മുന്‍കൂര്‍ ജാമ്യം നോക്കട്ടെ

പ്രതി ഹൈക്കോടിതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കോടതി തീരുമാനം വരട്ടെയെന്ന് പൊലീസ് പെണ്‍കുട്ടിയുടെ വീട്ടുകാരോട് പറഞ്ഞു. കോടതി ജാമ്യം തള്ളി എന്നിട്ടും അറസ്റ്റ് നടന്നില്ല. സി.പി.എം ഭരിക്കുമ്പോള്‍ ഡി.വൈ.എഫ്.ഐ. നേതാവിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് മടിയാണെന്ന് പെണ്‍കുട്ടി ആരോപിച്ചു. ഇനി പൊലീസിനെ വിശ്വാസമില്ല. കോടതിയെ സമീപിക്കാനാണ് തീരുമാനം.

ഇനി ഡി.വൈ.എഫ്.ഐയില്‍ ഇല്ല

കുറേക്കാലം ഡി.വൈ.എഫ്.ഐയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഇനി, ആ സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ മാനസികമായി ഒരുക്കമല്ല. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജിന് പരാതി നല്‍കിയിരുന്നു. ജില്ലയിലെ സംഘടനാ നേതാക്കള്‍ വന്നു കാണുമെന്ന് പറഞ്ഞു. പക്ഷേ, സംഘടന നേതാക്കള്‍ ഇതുവരെ കണ്ടില്ല. നേരിട്ട അതിക്രമം സധൈര്യം തുറന്ന് പറഞ്ഞ് നിയമപരമായ നടപടിക്കു ശ്രമിച്ചപ്പോള്‍ നീതി കിട്ടിയില്ലെന്ന് പെണ്‍കുട്ടി പറയുന്നു.