വൈദ്യുത പോസ്റ്റും മതിലും തകർത്ത് കെഎസ്ആർടിസി സിറ്റൗട്ടിൽ; 16 പേർക്ക് പരുക്ക്

ആറ്റിങ്ങൽ ആലംകോട് പൂവമ്പാറയ്ക്കു സമീപം കെഎസ്ആർടിസി വേണാട് ബസ് നിയന്ത്രണം വിട്ടു റോഡരികിലിരുന്ന വൈദ്യുത പോസ്റ്റും വീടിന്റെ മതിലും തകർത്തു കയറി സിറ്റൗട്ട് ഇടിച്ചുതകർത്തു നിന്നു. ബസിലുണ്ടായിരുന്ന 16 പേർക്കു പരുക്കേറ്റു. പാലോട് നിന്നും കിളിമാനൂർ വഴി ആറ്റിങ്ങലിലേക്കു വരികയായിരുന്ന ബസാണ് ദേശീയപാതയിൽ ഇന്നലെ രാവിലെ 7.45 ന് അപകടത്തിൽപെട്ടത്. ആലംകോട് എ.എസ്.എം മൻസിലിൽ ഷറഫുദ്ദീന്റെ മതിലും വീടുമാണ് തകർന്നത്.

മതിലിന്റെ ഭാഗങ്ങൾ തെറിച്ചുവീണു സിറ്റൗട്ടിൽ കിടന്ന കാറിനു കേടുപറ്റി. യാത്രക്കാരായ സുബി(21) പാപ്പാല, അംബിക(44)പാപ്പാല, ഷൈനി(32) കിളിമാനൂർ, ദീപ(39) വെള്ളല്ലൂർ, അനിൽകുമാർ(49) കിളിമാനൂർ, ലക്ഷ്മി(21) നഗരൂർ, രോഹിണി(21) കിളിമാനൂർ, ലിജി(38) കിളിമാനൂർ, ഷൈനി(32) കിളിമാനൂർ, കൃഷ്ണ(20) ആറ്റിങ്ങൽ, സിജി(20) ആറ്റിങ്ങൽ, സുനീർ(35) ആറ്റിങ്ങൽ, സുധർമ(58) കിളിമാനൂർ, ജുബിന(23) നഗരൂർ, നിഷാദ്(28) ആറ്റിങ്ങൽ എന്നിവർക്കും ബസ് ഡ്രൈവർ ശശീന്ദ്രൻ(51) എന്നിവർക്കുമാണു പരുക്ക്. ഇവർ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

പൂവമ്പാറയിലെ വളവിനടുത്ത് എതിരെ വന്ന വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിത്തിരിച്ച ബസ് ദിശ തെറ്റി കുറുകെയോടി മറുവശത്തെ വൈദ്യുത പോസ്റ്റ് ഇടിച്ചുതകർക്കുകയും തുടർന്നു റോഡരികിൽ നിന്നും മുപ്പത് മീറ്ററോളം ഉള്ളിലിരുന്ന വീടിന്റെ മതിൽ പൊളിച്ചു സിറ്റൗട്ടിലേക്ക് ഇടിച്ചുകയറി നിൽക്കുകയുമായിരുന്നുവെന്നു ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ കണ്ടക്ടർ ഡ്രൈവറോടു യാത്രയ്ക്കിടെ വർത്തമാനം പറഞ്ഞു നിൽക്കുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധ തെറ്റിയതാണ് അപകടകാരണമെന്നു ബസിലുണ്ടായിരുന്ന ചിലരും പറയുന്നു. ഇതിനു സ്ഥിരീകരണമില്ല. സംഭവ സമയം ഷറഫുദ്ദീന്റെ വീട്ടിലുണ്ടായിരുന്നവർ അയൽവീട്ടിൽ നിൽക്കുകയായിരുന്നു.

വീടിനു പുറത്ത് ആളില്ലാത്തതിനാൽ വീട്ടുകാർ ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടു. അപകട ശബ്ദം കേട്ടെത്തിയ നാട്ടുകാരും ആറ്റിങ്ങൽ അഗ്നിശമനസേനാ വിഭാഗവും ചേർന്നാണ് പരുക്കേറ്റവരെ ബസിൽനിന്നു പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഇതിനിടെ പോസ്റ്റ് തകർന്നയുടൻ നാട്ടുകാർ ഇടപെട്ടു വൈദ്യുതി ബന്ധം വിച്ഛേദിച്ചതു കൂടുതൽ ദുരന്തം ഒഴിവാക്കി. വീടും മതിലും തകർന്നതിൽ രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുകാർ അറിയിച്ചു.