ആ പ്രചാരണം അടിസ്ഥാനരഹിതം; വയനാട് കൈവിടില്ലെന്ന് കോഴിക്കോട് ഡിസിസി

വയനാട് ലോക്സഭാ സീറ്റ് കോണ്‍ഗ്രസ് ഘടകകക്ഷിക്ക് വിട്ടുനല്‍കുമെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് കോഴിക്കോട് ഡി.സി.സി. സീറ്റിനായി ആര്‍ക്കും അവകാശവാദം ഉന്നയിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും അത് യാഥാര്‍ഥ്യമാകണമെന്നില്ലെന്നും പ്രസിഡന്റ് ടി.സിദ്ധിഖ് മനോരമ ന്യൂസിനോട് പറഞ്ഞു. വയനാടിനായി മുസ്്ലീം ലീഗ് അവകാശവാദമുന്നയിക്കുന്നുവെന്ന ചര്‍ച്ചക്കിടയിലാണ് ഡി.സി.സി നേതൃത്വം സീറ്റ് വിട്ടുനല്‍കില്ലെന്ന കര്‍ശന നിലപാടെടുക്കുന്നത്.   

യു.ഡി.എഫിന്റെ സുരക്ഷിത സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കും. കൈമാറ്റത്തെക്കുറിച്ച് ആലോചിക്കേണ്ട സാഹചര്യം പോലുമില്ല. സീറ്റിനായി ഏത് ഘടകകക്ഷിക്കും അവകാശവാദം ഉന്നയിക്കാം. അത് യാഥാര്‍ഥ്യമാകണമെന്നില്ല.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ആരൊക്കെ മല്‍സരിക്കുമെന്ന കാര്യം ഉചിതമായ സമയത്ത് നേതൃത്വം പ്രഖ്യാപിക്കും. പൊന്നാനിക്ക് പകരം വയനാട് സീറ്റ് ലീഗ് നേതൃത്വം ആവശ്യപ്പെട്ടുവെന്ന ചര്‍ച്ചക്കിടയിലാണ് ഡി.സി.സി നിലപാടറിയിച്ചിരിക്കുന്നത്. എം.പി.വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി ഇടതുമുന്നണിയോട് സഹകരിക്കുന്നത് ഒരുതരത്തിലും യു.ഡി.എഫിന് ക്ഷീണം ചെയ്യില്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു.