പെൺകുട്ടിയുടെ മൂത്രത്തിൽ ബീജമെന്ന് തെറ്റായ റിപ്പോർട്ട്; മനോവേദനയിൽ ഒരു കുടുംബം

തെറ്റായ മെഡിക്കൽ റിപ്പോർട്ട് പാലക്കാടുളള ഒരു കുടുംബത്തിന് തീരാവേദനയായി. നാലര വയസുളള പെൺകുട്ടിയുടെ മൂത്രപരിശോധന ഫലത്തിൽ പുരുഷബീജം കണ്ടെന്ന തെറ്റായ ലാബ് റിപ്പോർട്ടാണ് ഒരു കുടുംബത്തെ ദിവസങ്ങളോളം കണ്ണീരു കുടിപ്പിച്ചത്. പാലക്കാട് നഗരസഭയ്ക്കു കീഴിലെ ഡയറാ സ്ട്രീറ്റിലെ പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് തെറ്റായ റിപ്പോർട്ട് നൽകിയത് റിപ്പോർട്ട് തെറ്റാണെന്നു ജില്ലാ ആശുപത്രിയിലെ ലാബ് പരിശോധനയിൽ വ്യക്തമായെങ്കിലും ചൈൽഡ് ലൈൻ, പൊലീസ് എന്നിവർ ഇടപെട്ട സംഭവം കുടുംബത്തെ വലിയ മാനസിക പ്രതിസന്ധിയിലാക്കി. 

വയറുവേദനയെത്തുടർന്നാണ് പെൺകുട്ടി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പരിശോധനയ്ക്ക് എത്തിയത്. കുട്ടിയുടെ മൂത്രപരിശോധനയിൽ പുരുഷബീജം ഉണ്ടെന്ന സംശയം രേഖപ്പെടുത്തി ലാബ് അധികൃതർ ചൈൽഡ് ലൈനിനെ അറിയിച്ചു. രാത്രി ചൈൽഡ് ലൈനിൽ നിന്നു വിളിക്കുമ്പോഴാണു രക്ഷിതാക്കൾ വിവരം അറിയുന്നത്. നോർത്ത് പൊലീസും വീട്ടിലെത്തി. ഇതോടെ കുടുംബമാകെ ആശങ്കയിലായി. തുടർന്നാണു ജില്ലാ ആശുപത്രി ലാബിൽ വീണ്ടും പരിശോധനയ്ക്കയച്ചത്. ആശങ്കയ്ക്കൊടുവിൽ റിപ്പോർട്ട് ലഭിച്ചപ്പോഴാണ് ആദ്യ പരിശോധന ഫലം തെറ്റാണെന്നു കണ്ടെത്തിയത്. 

സംശയം തോന്നിയതു റിപ്പോർട്ടാക്കി ചൈൽഡ് ലൈനിനെ അറിയിക്കും മുൻപു വിശദ പരിശോധന നടത്തിയെങ്കിൽ ഇതു സംഭവിക്കില്ലായിരുന്നു. ഇത്തരം സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ നടത്തേണ്ട പ്രാഥമിക അന്വേഷണം മാത്രമാണു നടത്തിയതെന്നു പൊലീസ് പറഞ്ഞു. ലാബിൽ നിരന്തരം തെറ്റുകൾ സംഭവിക്കുന്നതിനെതിരെ ഡിഎംഒയ്ക്കും ജില്ലാ പ്രോജക്ട് ഓഫിസർക്കും പരാതി നൽകുമെന്ന് പെൺകുട്ടി താമസിക്കുന്ന റസിഡന്റ്സ് അസോസിയേഷൻ അറിയിച്ചു.