നവകേരളത്തിന് കുരുന്നുകളുടെ സംഭാവന പതിമൂന്നുകോടി

പ്രളയക്കെടുതിയില്‍പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുരുന്നുകള്‍ കൂട്ടിവച്ചത് 12.8 കോടി രൂപ. സംസ്ഥാന സിലബസ് പഠിപ്പിക്കുന്ന 12643 സ്കൂളുകളിെല  ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസ്സുകളിലെ കുട്ടികള്‍ രണ്ടുദിവസം കൊണ്ട് പിരിച്ചെടുത്തതാണ് ഇത്രയും വലിയ തുക.

10.05 ലക്ഷം രൂപ പിരിച്ചെടുത്ത കോഴിക്കോട് നടക്കാവ് ഗവ. ഗേള്‍സ് വി.എച്ച്.എസ്.എസ് ആണ് ഏറ്റവും കൂടുതല്‍ തുക സംഭാവന ചെയ്ത സ്കൂള്‍. ജില്ലകളില്‍ മലപ്പുറവും. 2.1 കോടി. സംസ്ഥാനത്ത് ആദ്യമായാണ് അന്‍പത് ലക്ഷത്തോളം കുട്ടികളില്‍ നിന്നും ഒരേ സമയം ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതും അവയുടെ തത്സമയ കണക്കെടുപ്പ് ഓണ്‍ലൈനായി നടത്തുന്നതും. പങ്കാളികളായ മുഴുവന്‍ കുട്ടികളേയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അഭിനന്ദിച്ചു

തുക അടച്ചപ്പോള്‍ ചില ശാഖകള്‍ സാങ്കേതിക അസൗകര്യങ്ങള്‍ കാരണം  സര്‍വീസ് ചാര്‍ജ് ഈടാക്കിയിട്ടുണ്ടെന്നും ഈ തുക ദുരിതാശ്വാസ ഫണ്ടില്‍ തന്നെ തിരികെ നിക്ഷേപിക്കുമെന്നും എസ്.ബി.ഐ. അധികൃതര്‍ അറിയിച്ചു.