‘മോദി സര്‍ക്കാര്‍ നേടിയത് 11 ലക്ഷം കോടി’; കാളവണ്ടിയില്‍ യാത്ര ചെയ്ത് ചെന്നിത്തല: വിഡിയോ

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലനിർണായവകാശം കേന്ദ്രസർക്കാർ തിരിച്ചെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൊച്ചിയിൽ പ്രതിഷേധപ്രകടനം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലുടനീളം കോൺഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും നേതൃത്വത്തിൽ പ്രകടനങ്ങൾ നടന്നു. 

കാളവണ്ടി സമരവുമായാണ് കൊച്ചിയിൽ ഇന്ധനവില വർധനയ്ക്കെതിരെ കോൺഗ്രസ് പ്രവർത്തകർ ഹർത്താൽ ദിനത്തിൽ തെരുവിലിറങ്ങിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. 

എറണാകുളം ജില്ലയിലെ കോൺഗ്രസിൻറെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്ത സമരത്തിൽ വി.ഡി.സതീശൻറെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. പ്രളയക്കെടുതികൾ തീരും മുന്പെ ഹർത്താൽ നടത്തുന്നതിനെതിരെ പരസ്യ വിമർശനവുമായി സതീശൻ ഇന്നലെ രംഗത്തെത്തിയിരുന്നു.

ആലപ്പുഴയിൽ ഗ്യാസ് സിലിണ്ടറുകൾ നിറച്ച പിക് അപ്പ് കെട്ടി വലിച്ചാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിൻറെ നേതൃത്വത്തിൽ സമരം നടത്തിയത്.

കണ്ണൂരിൽ ലോറി ഉടമകളുടെയും ഡ്രൈവർമാരുടെയും നേതൃത്വത്തിൽ ലോറി കെട്ടി വലിച്ച് പ്രതിഷേധ പ്രകടനം നടത്തി. സിപിഎമ്മിൻറെ നേതൃത്വത്തിൽ സംസ്ഥാനത്തിൻറെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.