നോവുകള്‍ മറന്ന് തിരുവോണം; മലയാളത്തിന് ഇത് പുത്തനനുഭവം: കാഴ്ചകള്‍

മഹാപ്രളയത്തിന്റെ മുറിപ്പാടുമായി കേരളം തിരുവോണം ആഘോഷിക്കുന്നു. ഓണം ഓര്‍മകളുമായി വിവിധ ഇടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളില്‍ ലക്ഷങ്ങളാണ് കഴിയുന്നത്. പുതിയ കേരളത്തിനായി ഭിന്നതമറന്ന് ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത് ദേശീയ നേതാക്കൾ രംഗത്തെത്തി. പുതിയ കേരളത്തിനായി പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകാമെന്ന ആഹ്വാനമാണ് എങ്ങും മുഴങ്ങുന്നത്.  

മാവേലി കണ്ടതും നമ്മൾ കാണാത്തതുമായ ഓണ നിറവാണ് ദുരിതാശ്വാസ ക്യാംപുകളിൽ. ജാതി മത വർഗ വർണ വ്യത്യാസങ്ങളൊന്നുമില്ലാതെ കൂട്ടായ്മയുടെ അതിജീവനത്തിന്റെ പുത്തൻ മാതൃക അവർ നമുക്ക് കാട്ടിത്തരുന്നു. 

ദു:ഖങ്ങളെല്ലാം അവരീ ഒരുമയിൽ മായ്ച്ചു കളയുകയാണ്. മാവേലി ആഗ്രഹിച്ചതു പോലെ ഒരോണം എന്ന് തോന്നിപ്പോകും ക്യാംപുകളിലെ കാഴ്ച കണ്ടാല്‍. 

വാട്സാപ്പ് സന്ദേശങ്ങളിലേയ്ക്ക് ചുരുങ്ങിപ്പോയ കൂട്ടായ്മകൾ വീണ്ടും ഇന്ന് കേരളം പലയിടങ്ങളിലായി കണ്ടു. കുഞ്ഞുങ്ങൾ ചെമ്പരത്തി പൂ കൊണ്ട് പൂക്കളമിട്ടു. ചേച്ചിമാർ ഒന്നിച്ച് കറിക്കരിഞ്ഞ‌ും, ‌ചേട്ടന്മാർ പായസത്തിന് ഇളക്കിക്കൊടുത്തും പങ്കാളികളായി.  

ആഘോഷങ്ങളില്ലാതെ തിരുവോണനാള്‍

ദുരന്തചിത്രങ്ങള്‍ മായാതെ കണ്‍മുന്നിലുള്ള നാടിന് ഇക്കുറി ആഘോഷങ്ങളില്ല. ദുരിതാശ്വാസക്യാംപുകളിലെ ജനങ്ങള്‍ക്കൊപ്പമാണ് പലര്‍ക്കും തിരുവോണനാള്‍.

ഇല്ല, കര്‍ക്കിടകം പടിയിറങ്ങിയിട്ടില്ല. കര്‍ക്കിടകമഴയുടെ മുറിവുണക്കുന്ന ചിങ്ങപ്പൊന്‍പുലരി വന്നണഞ്ഞിട്ടുമില്ല. കര്‍ക്കിടകത്തില്‍ കലിതുള്ളിയിറങ്ങിയ ഒരു തോരാമഴയുടെ മുറിവുകള്‍ ഉടനുണങ്ങുകയുമില്ല. മാവേലിയുടെ മലയാളനാടിന് ഇക്കുറി ഓണം ഒരു ഓര്‍മമാത്രമാവുന്നു.

പ്രാണന്‍ വാരിയെടുത്ത് പലായനം ചെയ്ത ജനതയുടെ കണ്ണീരുപോലും ഈ ഓണനാളില്‍ വീണുചിതറുന്നത് പ്രളയജലത്തിലാണ്. പൂ വച്ചുനീട്ടിയ ചെടികളും പൂക്കളമൊരുങ്ങിയ മുറ്റങ്ങളും ഏതോകാലത്തിനപ്പുറം ഒരു മറുപിറവി കൊതിക്കുന്നു.

കളിചിരികളുടെ ആവരമുയര്‍ന്ന വീടുകള്‍ തിട്ടപ്പെടുത്തല്‍ കാത്തുകിടക്കുന്ന ചെളിപുരണ്ട നഷ്ടാവശിഷ്ടങ്ങളായി. മണ്ണായും വെള്ളമായും തുടച്ചുനീക്കിയ ജീവിതങ്ങളെക്കുറിച്ചുള്ള വിലാപങ്ങള്‍ മരണമുഖത്തുനിന്ന് തിരിച്ചെത്തയവരെയോര്‍ത്തുള്ള  നിശ്വാസങ്ങളോട് തോറ്റുപോയി. എങ്കിലും എന്നും ഓണാശംസകളില്‍മാത്രം നിറഞ്ഞുനിന്ന പങ്കുവയ്ക്കലും ഒരുമയുമാണിന്ന് എവിടെയും.

ജീവന്‍ വീണ്ടെടുത്ത് അഭയകുടീരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് ഓണത്തിനുമുമ്പേ പുതുവസ്ത്രങ്ങളെത്തി.  ഉള്ളില്‍ തീയാളുമ്പോഴും വയറുകായാതിരിക്കാന്‍ ലോകം കൈകോര്‍ക്കുന്നു.

വാപിളര്‍ത്തിയെത്തിയ പ്രളയം വലിപ്പച്ചെറുപ്പമില്ലാതെ മാനുഷരെല്ലാരും ഒന്നുപോലെയാണെന്ന് പഠിപ്പിച്ചു. സര്‍വം നഷ്ടമായ, പ്രളയം നഷ്ടമാക്കിയ  സഹോദരങ്ങളുടെ നൊമ്പരങ്ങള്‍ക്കൊപ്പം ഓണമില്ലാത്ത കേരളം ഇന്നുമുണ്ടാകും. ആ മുറിവുണങ്ങുംവരെ കലണ്ടര്‍താളിലെ അക്കം ചുവന്ന മറ്റേതൊരു നാളും പോലെയാണ് ഈ ഓണനാളും.