ഇത് അഭയം തന്ന വീട്; വൃത്തിയാക്കാതെ എങ്ങനെ ഇറങ്ങും; മനം നിറക്കും കാഴ്ച

മഴയകന്ന് മാനം തെളിഞ്ഞുതുടങ്ങിയതോടെ പലരുടെയും മുഖത്തും ഇത്തിരിവെട്ടങ്ങൾ കണ്ടുതുടങ്ങി. ചിലർ ക്യാമ്പു വിട്ട് വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. അതെ, നമ്മൾ അതിജീവിക്കും എന്നു തന്നെയാണ് ഓരോരുത്തരും തെളിയിച്ചു കൊണ്ടിരിക്കുന്നത്. അതിനിടെ ശുഭവാർത്തകൾ പലതും കേൾക്കുന്നുണ്ട്. പോരാടുന്നവർക്ക് അവ നൽകുന്ന ആശ്വാസവും സന്തോഷവും ഊര്‍ജ്ജവും ചെറുതല്ല. 

പ്രളയകാലത്ത് അഭയം നൽകിയ സ്കൂൾ ഒഴിഞ്ഞുപോയപ്പോൾ അഭയാർത്ഥിയായിരുന്നവരില്‍ ഒരാൾ പറഞ്ഞതിതാണ്: ''നാലു ദിവസം ഇതെന്‍റെ വീടായിരുന്നു. ഇത് വൃത്തികേടായി ഇട്ടിട്ട് എനിക്കെങ്ങനെയാണ് പോകാൻ സാധിക്കുക? നമ്മുടെ വീട് നമ്മൾ വൃത്തിയായി സൂക്ഷിക്കാറില്ലേ?''. 

ഗോപിനാഥ് പാറയിൽ എന്നയാളാണ് ഫെയ്സ്ബുക്കിൽ ഈ സന്തോഷവാർത്ത പോസ്റ്റ് ചെയ്തത്. ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ച എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലുള്ള കൊങ്ങോർപ്പിള്ളി ഗവൺമെൻറ് ഹയർ സെക്കന്‍ററി സ്കൂളിൽ നിന്നാണ് ഈ സന്തോഷക്കാഴ്ച.