പറന്നുയർന്ന് സൈന്യം, ചാലക്കുടിയിൽ അതിസാഹസിക രക്ഷാപ്രവർത്തനം

ശ്വാസമടക്കിപ്പിടിച്ചുകൊണ്ടുള്ള പ്രാർത്ഥനകളാണ് കേരളക്കരയാകെ. പല കോണുകളിൽ നിന്നും ആശാവഹമായ വാർത്തകൾ കേൾക്കുന്നു. അപ്പോഴും അതിസാഹസികമായ രക്ഷാപ്രവര്‍ത്തനമാണ് പലയിടങ്ങളിലും നടക്കുന്നത്. 

കഴിഞ്ഞ മണിക്കൂറുകളിൽ ശക്തിയായി വെള്ളം കയറിയതിനെ തുടര്‍ന്ന് ചാലക്കുടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള സൈന്യത്തിന്റെ ശ്രമം തുടരുകയാണ്. വീടിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ അതിസാഹസികമായി സൈന്യം രക്ഷിക്കുന്ന വിഡിയോ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

ചാലക്കുടിയിലെ ദുരന്തബാധിത പ്രദേശങ്ങളിലൊന്നിൽ വീട്ടില്‍ കുടുങ്ങിക്കിടന്ന സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരെ സൈന്യം സാഹസികമായി രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിൽ. ഈ പ്രദേശത്ത് ശക്തമായ ഒഴുക്കുള്ളതിനാല്‍ വ്യോമമാർഗമാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.