കാഴ്ച കാണാൻ പോകരുത്; സെൽഫിയല്ല ജീവനാണ് വലുത്; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

മഴക്കെടുതിയിൽ ഡാമുകൾ തുറന്നുവിട്ട സാഹചര്യത്തിൽ വീണ്ടും മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്സ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. കാഴ്ച കാണാൻ പോകരുതെന്നും സെൽഫി എടുക്കരുതെന്നുമാണ് മുഖ്യമന്ത്രിയുടെ നിർദേശം. കാഴ്ച കാണാൻ പോകരുത് സെൽഫിയല്ല ജീവനാണ് വലുത് എന്ന തലക്കെട്ടോടെയാണ് കുറിപ്പ്. കേരളം സമീപകാലത്ത് കണ്ടിട്ടില്ലാത്ത രൂക്ഷമായ കാലവർഷക്കെടുതിയാണ് നേരിടുന്നതെന്നും ഇത്രയധികം ഡാമുകൾ നിറഞ്ഞു കവിയുകയും തുറന്നു വിടുകയും ചെയ്യുന്നത് അപൂർവമാണെന്നും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂർണരൂപം

കേരളം സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത രൂക്ഷമായ കാലവർഷക്കെടുതിയാണ് നേരിടുന്നത്. ജനങ്ങളുടെ ജീവിതം ദു:സ്സഹമാക്കി പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇത്രയധികം ഡാമുകൾ നിറഞ്ഞു കവിയുകയും തുറന്നു വിടുകയും ചെയ്തത് അപൂർവ്വമാണ്.കെടുതി നേരിടാനുള്ള സർക്കാറിന്റെ ശ്രമങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചത്. എന്നാൽ ചുരുക്കം ചിലർ കാഴ്ച കാണാനും സെൽഫി എടുക്കാനുമുള്ള അവസരമാക്കി ഇതിനെ മാറ്റാൻ ശ്രമിക്കുകയാണ്. കാഴ്ച കാണാനും ഫോട്ടോ എടുക്കാനും ഉള്ള എല്ലാ യാത്രകളും നിർബന്ധമായും ഒഴിവാക്കണമെന്ന് അത്തരക്കാരോട് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.