കേരള പൊലീസില്‍ ഇനി പെണ്‍കമാന്‍ഡോകളും;44 പേർ

കേരള പൊലീസില്‍ ഇനി പെണ്‍കമാന്‍ഡോകളും. കേരളത്തിലെ ആദ്യ വനിതാ കമാന്‍ഡോകളുടെ ബാച്ച് ജുലൈ 30ന് പുറത്തിറങ്ങും. ഈ നാല്‍പത്തിനാലു വനിതാ കമാന്‍ഡോകള്‍ കേരള പൊലീസിലേക്കാണ്. തീവ്രവാദി ആക്രമണമം നേരിടാന്‍ ഇവര്‍ പരിശീലനം നേടിക്കഴിഞ്ഞു. നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റേയും തണ്ടര്‍ബോള്‍ട്ടിന്റേയും പരിശീലനം ഇവര്‍ക്കു നല്‍കി. എ.കെ.47 ഉള്‍പ്പെടെ തോക്കുകള്‍ കൈകാര്യം ചെയ്യാന്‍ വിദഗ്ധരായി. വനത്തിനകത്തെ പൊലീസ് നീക്കങ്ങളിലും ഇവര്‍ ഉണ്ടാകും. 

വി.ഐ.പികളുടെ സുരക്ഷയ്ക്കും ഇവരെ ഉപയോഗിക്കാം. തിരുവനന്തപുരത്തെ വനിതാ ബറ്റാലിയനിലേക്ക് പ്രവേശനം നേടി തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പരിശീലനത്തിന് എത്തിയത് 598 പേരാണ്. ഇവരില്‍ നിന്നാണ് നാല്‍പത്തിനാലു പേരെ തിരഞ്ഞെടുത്തത്. കണ്ണുകെട്ടി ആയുധങ്ങള്‍ ഉപയോഗിക്കാനും ഇവര്‍ പരിശീലനം നേടിക്കഴിഞ്ഞു. കമാന്‍ഡോകളുടെ യൂണിഫോമും ഇവര്‍ക്കു നല്‍കി. േകരള പൊലീസില്‍ ആദ്യമായാണ് വനിത കമാന്‍ഡോകളെ ഉള്‍പ്പെടുത്തുന്നത്. ജുലൈ 30ന് നടക്കുന്ന പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിക്കും.