കട്ടിപ്പാറ ഉരുൾപ്പൊട്ടൽ; പുനരധിവാസ നടപടികള്‍ എങ്ങുമെത്തിയില്ല

കോഴിക്കോട് കട്ടിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസക്യാംപുകളില്‍ കഴിയുന്നവരെ  പുനരധിവസിപ്പിക്കുന്ന നടപടികള്‍ എങ്ങുമെത്തിയില്ല. പഞ്ചായത്തിലെ മൂന്നു ക്യാംപുകളിലായി ഇരുപത്തിയഞ്ചിലധികമാളുകള്‍ ഇപ്പോഴും ദുരിതജീവിതം നയിക്കുകയാണ്. കൃഷിഭൂമി നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരത്തുകയും ഇതുവരെ ലഭ്യമായിട്ടില്ല.

സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഒന്നുമാകുന്നില്ല. കട്ടിപ്പാറയിലെ ദുരിതാശ്വാസക്യാംപുകളില്‍നിന്ന് വാടകവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചവര്‍ വേദനയോടെയാണ് ഒാരോദിവസവും ജീവിച്ചുതീര്‍ക്കുന്നത്.  പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാംപുകള്‍ ഇന്നും പൂര്‍ണമായി ഒഴിഞ്ഞിട്ടില്ല. ഹൃദയത്തോടുചേര്‍ത്തുവച്ചതെല്ലാം നഷ്ടപ്പെട്ട് ക്യാംപുകളില്‍ കഴിയുന്നത് ഇരുപതിലധികമാളുകളാണ്.  കൃഷിഭൂമിയും കാര്‍ഷിക വിളകളും നഷ്ടടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ദുരിതബാധിതര്‍ക്കായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്. ദുരന്ത നിവാരണ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ രൂപീകരിച്ച പ്രത്യേക കമ്മിറ്റി യോഗം ചേരാത്തതിലും പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. 

ഉരുള്‍പൊട്ടലില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം വേഗത്തില്‍ നടപ്പാക്കുമെന്ന ഉറപ്പും പാലിക്കപ്പെട്ടില്ല. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ ഇന്നും ഭീതിയോടെ കഴിയുന്നത് നിരവധി കുടുംബങ്ങളാണ്. ഇവരുടെ പുനരധിവാസവും ഉറപ്പാക്കേണ്ടതുണ്ട്.