കരൾ നോവും കാഴ്ചയായി ഫാത്തിമ; കരച്ചിലടക്കാൻ പാടുപെട്ട് നാട്ടുകാർ

കലിയടങ്ങാതെ പെയ്യുകയാണ് കാലവർഷം. ദുരിതപ്പെയ്ത്തിൽ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുടെ കണ്ണീരും ഈ മഴയത്ത് ഒലിച്ചു പോകുകയാണ് ആരും കേൾക്കാതെ. കോഴിക്കോടും താമരശേരിയിലും ഇന്നലെ ഉണ്ടായ ഉരുൾപ്പൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഖം കരൾ നോവുന്ന കാഴ്ചയായി. പളളിയിൽ മയ്യത്ത് നമസ്കാരം കഴിഞ്ഞു വെളള പുതപ്പിച്ചു കിടത്തിയ കുഞ്ഞു ജാസ്മിന്റെ ചേതനയറ്റ ശരീരത്തിനു മുന്നിൽ നിന്ന് ചേച്ചി ഫാത്തിമ ഫിദയുടെ കണ്ണുനീർ കരൾ പൊളളുന്ന കാഴ്ചയായി. തന്റെ വിരൽത്തുമ്പിൽ തൂങ്ങി ഓടി നടന്ന കുഞ്ഞനുജൻ ഇനിയില്ല. അവന്റെ ചിരിയും കളിയും ഇനിയില്ല.

വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല ജാഫറിന്റെ മകൾ ഫാത്തിമ ഫിദയെന്ന പന്ത്രണ്ടുവയസുകാരി മരണത്തിന്റെ കൈയിൽനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. അവളുടെ വീട്ടിൽ ഇനി അവശേഷിക്കുന്നത് ഉമ്മ ഹന്നത്ത് മാത്രമാണ്. ജാസ്മിന്റെ ശരീരം ആദ്യം കണ്ടെടുത്തത്. പിതാവ് കരിഞ്ചോല ജാഫറും ജാഫറിന്റെ പിതാവ് ഉമ്മിണി അബ്ദുറഹിമാനും മണ്ണിനടിയിൽപ്പെട്ടു മരിച്ചു. അവരുടെ ശരീരം ഏറെ വൈകിയാണ് കണ്ടെടുത്തത്.

വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല ഉമ്മിണി അബ്ദുറഹിമാന്റെ പേരക്കുട്ടിയാണ് ഫാത്തിമ ഫിദ. രാവിലെ വലിയ ശബ്ദം കേട്ടപ്പോൾ ‘ഓടിക്കോ’ എന്ന് ഉമ്മ ഹന്നത്ത് വിളിച്ചുപറയുന്നതു കേട്ടാണ് ഫാത്തിമ ഇറങ്ങി ഓടിയത്. പിറകെ ഉമ്മയും ഉപ്പ ജാഫറും അനിയനുമൊക്കെയുണ്ടാവും എന്നായിരുന്നു അവളുടെ പ്രതീക്ഷ.  മുന്നോടിയപ്പോൾ  ആദ്യം കണ്ട സലിമിന്റെ വീട്ടില് ‍കയറാതിരുന്നതാണ് ഫാത്തിമയ്ക്ക് രക്ഷയായത്. കയറിയിരുന്നെങ്കിൽ കയറിയിരുന്നെങ്കിൽ ഇന്ന് ജീവനോടെ അവളുണ്ടാവില്ല. ആ വീട്ടിലെ രണ്ടു കുരുന്നുകളും മണ്ണിനടിയിലായി.

രണ്ടാമതു കണ്ട വീട്ടിലാണ് ഫാത്തിമ ഓടിക്കയറിയത്. പ്രദേശ വാസികളെ ദുരിതാശ്വാസ ക്യാംപിലാക്കിയപ്പോൾ അവളെയും ഗവ. എൽപി സ്കൂളിലെത്തിച്ചു. പ്രതീക്ഷയോടെ അവൾ ഉമ്മയേയും ഉപ്പയേയും അനിയനേയും തിരഞ്ഞെങ്കിലും ആരെയും കണ്ടില്ല. ക്യാംപിൽ അവൾ ഒറ്റയ്ക്കായി. തുടർന്ന് അൽപനേരം കഴിഞ്ഞു വന്ന ബന്ധുക്കൾ ഫാത്തിമയെ കൂട്ടിക്കൊണ്ടുപോയി. തുടർന്ന് പരുക്കേറ്റ ഉമ്മയ്ക്കൊപ്പം ആംബുലൻസിലാണ് കുഞ്ഞു ജാസിമിന്റെ ശരീരം കാണാൻ ഫാത്തിമ പള്ളിയിലേക്കെത്തിയത്. ഉമ്മയെ സ്ട്രെച്ചറിലെടുത്ത് കൊണ്ടു പോവുമ്പോൾ കൂടെ നെഞ്ചു തകർ‍ന്നു കരഞ്ഞു നടന്നുനീങ്ങിയ ഫാത്തിമയെ കണ്ട് നാട്ടുകാർ കരച്ചിലടക്കാൻ പാടുപെട്ടു.