ഭവാനിപ്പുഴയില്‍ വെളളം ഉയര്‍ന്നു, ദമ്പതികളെ അതിസാഹസീകമായി രക്ഷപെടുത്തി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.  അട്ടപ്പാടിയിലെ  ഭവാനിപ്പുഴയുടെ തുരുത്തിൽ അകപ്പെട്ട  ദമ്പതികളെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനിടെ രക്ഷപെടുത്തി.  മണ്ണാർക്കാട് സ്വദേശികളായ സുഗുണൻ , ഭാര്യ വൽസല എന്നിവരെയാണ് ഭവാനിപ്പുഴയിലെ പുതൂർ കോണാർ തുരുത്തിൽ നിന്ന് രക്ഷപെടുത്തിയത്. പാലക്കാട് കല്ലടിക്കോട് പാലക്കയം മേഖലയിൽ ഉരുൾപൊട്ടി രണ്ട് വീടുകൾ ഭാഗീകമായി തകർന്നു. വ്യാപകമായി റബ്ബർമരങ്ങൾ കടപുഴകി വീഴുകയും മണ്ണിടിച്ചിൽ ഉണ്ടാവുകയും ചെയ്തു. ശിരുവാണി വനമേഖലയോട് ചേർന്ന് കനത്ത മഴ തുടരുകയാണ്

എറണാകുളം  ജില്ലയുടെ കിഴക്കന്‍മേഖലയില്‍ കനത്ത മഴ തുടരുകയാണ്.  കോതമംഗലം–ഭൂതത്താന്‍കെട്ട് ഇടമലയാര്‍ റോഡില്‍ കലുങ്ക് ഇടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു.  ഇതോടെ രണ്ട് ആദിവാസിക്കുടികളും  വടാട്ടുപാറയിലെ പതിനായിരത്തോളം നാട്ടുകാരും ഒറ്റപ്പെട്ടു.

ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും വന്‍ നാശനഷ്ടമുണ്ടായ കോഴിക്കോടിന്റെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുന്നു. കോടഞ്ചേരി തിരുവമ്പാടി പഞ്ചായത്തുകളില്‍ നിന്നായി നാല്‍പ്പതിലധികം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിതാമസിപ്പിച്ചു. രണ്ട് പഞ്ചായത്തുകളിലായി മൂന്ന് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.