നിപ്പ: ലിനിയുടെ മൃതദേഹം സംസ്കരിച്ച ശ്മശാന ജീവനക്കാരനെ ഒറ്റപ്പെടുത്താൻ ശ്രമം

കോഴിക്കോട് നിപ്പ വൈറസ് പിടിപെട്ടു മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്സ് ലിനി സജീഷിന്റെ മൃതദേഹം സംസ്കരിച്ച വെസ്റ്റ്‌ഹിൽ ശ്മശാനത്തിലെ ജീവനക്കാരനെയും കുടുംബത്തെയും സാമൂഹികമായി ഒറ്റപ്പെടുത്താൻ ശ്രമം. തന്റെ ഭാര്യയും പെൺമക്കളും കടുത്ത മാനസിക സമ്മർദത്തിലാണെന്നും തനിക്കു നിപ്പ ബാധയുണ്ടെന്നു ചിലർ പ്രചാരണം നടത്തുന്നതായും ജീവനക്കാരൻ കെ.വി. അജിത്കുമാർ പറഞ്ഞു. ആരോഗ്യവകുപ്പ് അധികൃതർ വിളിച്ച് വിവരങ്ങൾ തിരക്കിയിരുന്നതായും ഇതുവരെ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും അജിത് പറയുന്നു.

സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി റജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തുമ്പോഴാണു മൃതദേഹം ലിനിയുടേതാണെന്ന് അജിത് അറിയുന്നത്. മൃതദേഹം കൊണ്ടുവന്നവർ കയ്യുറയും മാസ്കും ധരിച്ചിരുന്നെങ്കിലും അജിത്തിന് അതൊന്നുമുണ്ടായിരുന്നില്ല. തോർത്തുകൊണ്ട് മുഖം മറച്ചാണ് ചടങ്ങിൽ പങ്കെടുത്തത്. 21നു പുലർച്ചെ അഞ്ചേകാലിനായിരുന്നു ചടങ്ങുകൾ. ലിനിയുടെ മൃതദേഹം മാവൂർ റോഡ് ശ്മശാനത്തിലാണു സംസ്കരിച്ചതെന്നാണ് അധികൃതർ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, സംസ്കാരച്ചടങ്ങുകൾ നടന്നതു വെസ്റ്റ്‌ഹില്ലിലാണെന്ന വിവരം 31നു പുറത്തുവന്നു.

അജിത് ഈ ചടങ്ങുകളിൽ പങ്കെടുത്തെന്നറിഞ്ഞതോടെ ആളുകൾക്കു പേടിയായി. ഇയാൾക്കു പനിയാണെന്നും വൈറസ് പിടിപെട്ടെന്നുമുള്ള വാർത്തകൾ പ്രചരിച്ചു. അയൽവാസികളിൽ ചിലർ ഒഴിഞ്ഞുപോയെന്ന് അജിത് പറയുന്നു. ഭാര്യ ഷീബയും മക്കളായ അഖിഷ്മയും അമീഷയും കടുത്ത വിഷമത്തിലായി. വേണ്ടപ്പെട്ടവർപോലും ഒറ്റപ്പെടുത്തിയപ്പോൾ വീടുവിറ്റ് മറ്റെവിടേക്കെങ്കിലും മാറാൻ ഭാര്യ അജിത്തിനെ നിർബന്ധിച്ചു തുടങ്ങിയതായി സുഹൃത്ത് ആനന്ദ് പറഞ്ഞു.

നിപ്പ ബാധിച്ചു മരിച്ചവരുടെ ബന്ധുക്കളെയോ നിപ്പ സമ്പർക്കപ്പട്ടികയിലുള്ളവരെയോ ഒരുതരത്തിലും ഒറ്റപ്പെടുത്താൻ പാടില്ലെന്നു കലക്റുടെ നിർദേശമുള്ളപ്പോഴാണ് അജിത്തും കുടുംബവും ഇത്തരത്തിൽ മനോവിഷമം നേരിടുന്നത്. അജിത്തിന്റെ പിതാവ് കെ.വി. ശങ്കരൻ അൻപതു വർഷത്തിലധികം വെസ്റ്റ്‌ഹിൽ ശ്മശാനത്തിൽ സംസ്കാര കർമങ്ങൾ ചെയ്തിരുന്നു. പത്താം വയസ്സു മുതൽ അജിത്തും ഇവിടെയുണ്ട്. സഹോദരങ്ങളായ സുനിൽകുമാർ, പ്രദീപ്കുമാർ എന്നിവരും ഒപ്പമുണ്ട്.