മുന്നിലിരിക്കുന്നവര്‍ നിങ്ങളെക്കാള്‍ വിവരമുള്ളവര്‍; ചാനല്‍ അവതാകരോട് ഐസക്ക്

‘എന്തൊക്കെയോ അട്ടഹസിക്കുക എന്നതായിരിക്കുന്നു നമ്മുടെ മാധ്യമപ്രവര്‍ത്തനം. അവര്‍ക്ക് എന്തും പറയാം എന്നതാണ് അവസ്ഥ. ഏത് ശകാരവാക്കും ഉപയോഗിക്കാം. വിമര്‍ശം ഏല്‍ക്കുന്നവര്‍ക്ക് മാത്രമല്ല, വിമര്‍ശിക്കുന്ന ഈ മാധ്യമപ്രവര്‍ത്തകര്‍ക്കും ആകാം അസഹിഷ്ണുത..’ ധനമന്ത്രി തോമസ് ഐസക്കിന്‍റേതാണ് വാക്കുകള്‍. രാജ്യത്ത് വളരുന്ന മാധ്യമ സംസ്കാരത്തിന് നേരെ അതിരൂക്ഷമായാണ് തോമസ് ഐസക്ക് വിമര്‍ശനമുയര്‍ത്തുന്നത്. 

കോബ്ര പോസ്റ്റ് പുറത്തുവിട്ട വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയിലെ മാധ്യമങ്ങളില്‍ ഭൂരിപക്ഷവും നാണംകെട്ട പണിയാണ് ചെയ്യുന്നതെന്ന് അദ്ദേഹം മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. നിങ്ങളിത്ര പണം തന്നാല്‍ വേണ്ട പോലെ ഞങ്ങള്‍ എഴുതിത്തരാം എന്നാണ് ആ വിഡിയോയില്‍ പറയുന്നത്. ഹിന്ദുവും എക്സ്പ്രസും ഒഴികെ മിക്ക പത്രങ്ങളും കോബ്ര പോസ്റ്റ് വെളിപ്പെടുത്തലില്‍ പെട്ട കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. 

പറയുന്നത് സഭ്യമായ ഭാഷയില്‍ തന്നെ വേണം. ന്യായമായ മാധ്യമധര്‍മം പലരും മറക്കുകയാണ്. റിപ്പബ്ലിക് ടിവിയിലെ അര്‍ണബിനെപ്പോലെ ആകാനാണ് മിക്കവരുടെയും ശ്രമം. അയാളപ്പോലെ ഭല്‍സനം നടത്തുക, അയാളെപ്പോലെ മുഖം ആക്കുക. എല്ലാമാണ് ചെയ്യുന്നത്– അദ്ദേഹം പരിഹസിച്ചു.

ചര്‍ച്ചകളില്‍ ഈ വന്നിരിക്കുന്ന ആള്‍ അവരെക്കാള്‍ എത്രയോ രാഷ്ട്രീയ പരിചയവും വായനയും വിവരവും എല്ലാം ഉള്ളയാളാകും. അവരെ ഇങ്ങനെ പറയാന്‍ അനുവദിക്കാതെ സംസാരിച്ചുകൊണ്ടിരിക്കുന്നത് വലിയ കേമത്തം ആണെന്നാണ് ധാരണ. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഒച്ചയിടുന്നത് എന്ന് തോന്നുന്നുവെങ്കില്‍ ആ തോന്നല്‍ ചെങ്ങന്നൂര്‍ ഫലം പുറത്തുവന്നതോടെ മാറിയിട്ടുണ്ടാകും.– അദ്ദേഹം പറഞ്ഞു.

‌ഈ അട്ടഹാസം അല്ല മാധ്യമപ്രവര്‍ത്തനം എന്ന് മനസ്സിലാക്കണം. ആത്മപരിശോധന ഉണ്ടായേ പറ്റൂ. എതിരാളിയുടെ വാദങ്ങള്‍ കേള്‍പ്പിക്കണം. ചോദ്യങ്ങളെ മാനിക്കാന്‍ കഴിയണം. എത്ര പ്രകോപനം ഉണ്ടായാലും സഭ്യമായ ഭാഷ തന്നെ ഉപയോഗിക്കണം. ഏത് ബഹളത്തിനിടയിലും യുക്തിഭദ്രമായി തന്നെ കാര്യങ്ങളെ അവതരിപ്പിക്കാന്‍ കഴിയണമെന്നും ഐസക്ക് നിര്‍ദേശിച്ചു. 

വിഡിയോ കാണാം.