നിപ്പ വൈറസ് ബാധ; ആളുകൾ പുറത്തിറങ്ങുന്നില്ല; തെരുവ് ശൂന്യം

നിപ്പാ വൈറസ് ഭീതിയില്‍ നിശ്ചലമായി കോഴിക്കോട്ടെ മിഠായിത്തെരുവും. നവീകരണത്തിനുശേഷമുള്ള ആദ്യ റമസാന്‍, സ്കൂള്‍ വിപണി സജീവമാകുന്നതിനിടെയായാണ് വൈറസ് ബാധയെത്തുടര്‍ന്ന് തിരക്കൊഴിഞ്ഞത്. വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും ആളുകള്‍ മടിക്കുന്നതോടെ തെരുവ് കച്ചവടവും നിലച്ചു.

അവധിയാഘോഷിക്കാന്‍ മിഠായിത്തെരുവിലേക്ക് വിവിധയിടങ്ങളില്‍ നിന്നാണ് ആളുകള്‍ എത്തിയിരുന്നത്. സ്കൂള്‍ ബാഗ്, യൂണിഫോം, കുട തുടങ്ങി സ്കൂള്‍ തുറക്കുമ്പോള്‍ ആവശ്യമായവയെല്ലാം വലിയ തുകമുടക്കാതെ വാങ്ങാമെന്നതായിരുന്നു പ്രത്യേകത. അങ്ങനെ സമീപ ജില്ലകളില്‍ നിന്നും ഉപഭോക്താക്കളെ പ്രതീക്ഷിച്ചായിരുന്നു കച്ചവടക്കാര്‍ വിപണിയൊരുക്കിയത്. നിപ്പാ വൈറസ് എത്തിയതോടെ തെരുവ് പൂര്‍ണമായും സ്തംഭിച്ചു. 

വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ആളുകള്‍ മടിക്കുന്നതാണ് തെരുവ് ഇങ്ങനെ ശൂന്യമാകാന്‍ കാരണം. കൂള്‍ബാറുകളിലും തുണിക്കടകളിലും ആളുകള്‍ തീരെയില്ല. മിഠായിത്തെരുവിന്റെ നവീകരണം കാരണം  കഴിഞ്ഞ തവണ നിശ്ചലമായ റമസാന്‍ വിപണി ഇത്തവണയും തിരികെപ്പിടിക്കാനാകില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.