നിപ്പ: കേരളത്തിലെ ഈ നാല് ജില്ലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശം

നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലെ നാല് ജില്ലകളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് സർക്കാർ നിർദേശം. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള യാത്രകളിലാണ് ജാഗ്രത പാലിക്കേണ്ടത്. 

സംസ്ഥാനത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ പുറത്തിറക്കിയ നിർദേശക്കുറിപ്പിൽ പറയുന്നു. നിപ്പ സ്ഥിരീകരിച്ച കോഴിക്കോടും അയൽജില്ലകളായ മലപ്പുറം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലും സർക്കാരിന്റെ നേതൃത്വത്തിൽ നിരീക്ഷണം നടത്തിവരികയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും കുറിപ്പിൽ പറയുന്നു. 

അതിനിടെ വൈറസ് ബാധക്കുള്ള രണ്ടായിരം റിബാ വൈറിൻ ഗുളികകൾ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തി. വൈറസ് ബാധയെത്തുടർന്നാണ് 11 പേർ മരിച്ചതെന്ന് സ്ഥിരീകരിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്. 22 പേരാണ് രോഗലക്ഷണങ്ങളോടെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ചികിത്സയിലുള്ളത്. മലപ്പുറം ജില്ലയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയവർക്കെല്ലാം വൈറസ് ബാധയുണ്ടായത് കോഴിക്കോട് നിന്നാണെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തി. 

നിപ്പയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് ഗവർണർ പി സദാശിവവും അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും നിർദേശമുണ്ട്.