അന്ന് സിഎെഎ, ഇന്ന് സിഎ: കേരളത്തില്‍ അമേരിക്ക കളിച്ച കളികള്‍

അമേരിക്കയില്‍ 1978–ല്‍ ഇറങ്ങിയ ‘എ ഡെയ്ഞ്ചറസ് പ്ലേസ്’ എന്ന പുസ്തകം വിവാദകൊടുങ്കാറ്റ് ഉയര്‍ത്തിയത് ഇങ്ങ് കൊച്ചു കേരളത്തിലാണ്. ഇന്ത്യയില്‍ അമേരിക്കന്‍ സ്ഥാനപതിയായിരുന്ന ഡാനിയേല്‍ പാട്രിക് മൊയ്നിഹാന്‍ ആയിരുന്നു ആ പുസ്തകമെഴുതിയത്. അതില്‍ അദ്ദേഹം ഞെട്ടിക്കുന്നൊരു വെളിപ്പെടുത്തല്‍ നടത്തി.

കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ സി.െഎ.എ കേരളത്തില്‍ പണമെറിഞ്ഞു കളിച്ചിരുന്നു! ഇന്ദിരാഗാന്ധി വഴിയാണ് സിെഎഎ പണമിടപാട് നടത്തിയതെന്നും മൊയ്നിഹാന്‍ പുസ്തകത്തില്‍ പറഞ്ഞു. ആരോപണം ഇന്ദിര നിഷേധിച്ചെങ്കിലും ആ വിവാദം ഇന്നും അണഞ്ഞിട്ടില്ല. കേരള രാഷ്ട്രീയത്തിലെ അമേരിക്കന്‍ ഇടപെടല്‍ സംബന്ധിച്ച ആദ്യ വിവാദം അതായിരുന്നു. ആദ്യ ഇഎംഎസ് സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ സിെഎഎ ഒരു രഹസ്യപദ്ധതി തന്നെ തയാറാക്കിയിരുന്നതായി അമേരിക്കയുടെ സ്ഥാനപതിയായിരുന്ന എല്‍സ്‍‍വര്‍ത്ത് ബങ്കറും പില്‍ക്കാലത്ത് സമ്മതിച്ചു. 

പിന്നീടും പലപ്പോഴും കേരളത്തില്‍ അമേരിക്കയുടേയും അമേരിക്കന്‍ ചാരസംഘടനയായ സിെഎഎയുടേയും പേരില്‍ വിവാദം ആളിക്കത്തിയിട്ടുണ്ട്. സിപിഎമ്മില്‍ പിണറായി–വിഎസ് പക ആളിക്കത്തിയ നാളുകളില്‍ അമേരിക്കന്‍ ബന്ധത്തിന്‍റെ പേരില്‍ വിവാദത്തിലായത് തോമസ് െഎസക്കാണ്. അമേരിക്കന്‍ നരവംശ ശാസ്ത്രജ്ഞനും മോണ്‍ഡ്ക്ലെയര്‍ സര്‍വകലാശാലയിലെ പ്രൊഫസറുമായ റിച്ചാര്‍ഡ് ഫ്രാങ്കി അമേരിക്കന്‍ ചാരസംഘടനയായ സിെഎഎയുമായി ബന്ധമുള്ളയാളാണെന്നും തോമസ് െഎസക്കുമായി റിച്ചാര്‍ഡ് ഫ്രാങ്കിക്കുള്ള ബന്ധം ദുരൂഹമാണെന്നും രാഷ്ട്രീയ എതിരാളികള്‍ ആരോപണം ഉയര്‍ത്തി. 

കേരളത്തില്‍ നടപ്പായ ജനകീയാസൂത്രണത്തില്‍പ്പോലും അമേരിക്കന്‍ ഇടപെടലുള്ളതായി ആരോപണം വന്നു. റിച്ചാര്‍ഡ് ഫ്രാങ്കി അമേരിക്കന്‍ ചാരനാണെന്ന വാദവുമായി എംഎന്‍ വിജയന്‍പോലും രംഗത്തുവന്നതോടെ ഏറെക്കാലം സിപിഎമ്മിലും പുറത്തും അമേരിക്കന്‍ ചര്‍ച്ചകള്‍ നിറഞ്ഞു. തോമസ് െഎസക്കും ഫ്രാങ്കിയും ചേര്‍ന്ന് കേരളത്തെക്കുറിച്ച് എഴുതിയ പഠനങ്ങള്‍പോലും വന്‍ വിവാദമായി.

ഈയടുത്ത്, പിണറായി സര്‍ക്കാര്‍ അധികാരമേറ്റേശഷവും ഉണ്ടായി ഒരു അമേരിക്കന്‍ വിവാദം. തന്‍റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിെഎഎ ശ്രമിക്കുകയാണെന്ന് പിണറായി വിജയന്‍ ആരോപിച്ചത് വലിയ വാര്‍ത്തയായി. ഒക്ടോബര്‍ വിപ്ലവത്തിന്‍റെ നൂറാം വാര്‍ഷികപരിപാടിയില്‍ കണ്ണൂരിലായിരുന്നു പിണറായിയുടെ പ്രസംഗം. 

അടുത്തിടെ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുകഴ്ത്തി അമേരിക്കന്‍ പത്രമായ വാഷിങ്ടണ്‍ പോസ്റ്റില്‍ ഒന്നാം പേജില്‍ വന്ന വാര്‍ത്തയും ചെറിയ വിവാദമായിരുന്നു. ഈ വാര്‍ത്തയില്‍,  മാതൃകാ കമ്യൂണിസ്റ്റായി ചൂണ്ടിക്കാട്ടിയത് തോമസ് െഎസക്കിനെയായിരുന്നു. 

പക്ഷേ, ഇതില്‍നിന്നെല്ലാം വ്യത്യസ്തമാണ് ഇപ്പോഴത്തെ കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഭരിച്ചുകൊണ്ടിരുന്ന 2007–ല്‍ കേംബ്രിഡ്ജ് അനലിറ്റിക്ക (സിഎ) എന്ന അമേരിക്കന്‍ കമ്പനിയുടെ മാതൃസ്ഥാപനമായ എസ്‍‍സിഎല്‍  (സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍ ലബോറട്ടറീസ്) കേരളത്തിലെത്തി ‘ജിഹാദിസത്തെക്കുറിച്ച്’ രഹസ്യ സര്‍വേ നടത്തിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. 

കൃത്രിമമാര്‍ഗങ്ങളിലൂടെ വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചതിന്‍റെ പേരില്‍ നടപടി നേരിടുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തില്‍ സര്‍വേ നടത്തിയെന്ന വെളിപ്പെടുത്തല്‍ ഇതിനകം വിവാദമായിക്കഴിഞ്ഞു. കേരളം, പശ്ചിമബംഗാള്‍, അസം, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ 2007–ല്‍ ആഴത്തിലുള്ള ഗവേഷണ ആശയവിനിമയ പ്രചാരണം നടത്തിയെന്നാണ് സിഎയുടെ മുന്‍ ഗവേഷണവിഭാഗം തലവന്‍ ക്രിസ്റ്റഫര്‍ വൈലി വെളിപ്പെടുത്തിയിരിക്കുന്നത്.