മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതകച്ചോര്‍ച്ച; ആശങ്കയോടെ നാട്ടുകാര്‍

മലപ്പുറം അരീപ്ര ദേശീയപാതയിൽ പാചകവാതക ടാങ്കർ മറിഞ്ഞ് വാതകച്ചോർച്ച. ടാങ്കറിലെ വാതകം മാറ്റി നിറക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. മംഗളുരുവിൽ നിന്ന് പാചക വാതകവുമായി കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. സ്ഥിരം അപകട മേഖലയായ അരീപ്രയിൽ ടാങ്കർ മറിഞ്ഞതിന് പിന്നാലെ വാതകച്ചോർച്ചയുണ്ടായി. വാതകച്ചോർച്ച അടക്കാനുള്ള ശ്രമം വിജയിച്ചില്ല. വൈദ്യുതിബന്ധം വിഛേദിച്ചു.ദേശീയ പാതയിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു.പരിസരത്തെ കുടുംബങ്ങളെ ഒഴിപ്പിച്ചു.

 ചേളാരി ഐ.ഒ.സിയിൽ നിന്നെത്തിയ വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ വാതകം മാറ്റി നിറക്കുകയാണ്. ടാങ്കർ ഉയർത്തിയ ശേഷം അർധരാത്രിയോടെ ദേശീയപാതയിലൂടെയുളള ഗതാഗതം പുനസ്ഥാപിക്കാനാവുമെന്നാണ് പ്രതീക്ഷ.