വിവരാവകാശ മറുപടി കിട്ടിയില്ല, കറങ്ങിയത് മുന്‍മുഖ്യവിവരാവകാശ കമ്മിഷണർ തന്നെ

വിവരാവകാശ അപക്ഷയ്ക്ക് മറുപടി നല്‍കാതെ മുന്‍മുഖ്യവിവരാവകാശ കമ്മിഷണറെയും വട്ടംകറക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ . വിവരം നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസയച്ച കമ്മിഷന്‍ അപേക്ഷകന് നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു . 

മന്ത്രിസഭാ തീരുമാനമടക്കം ഒരുവിവരവും പുറത്തുകൊടുക്കില്ലെന്ന വാശിയില്‍ സര്‍ക്കാര്‍ . രാജാവിനൊത്ത സേവകാരായി ഉദ്യോഗസ്ഥരും. ഇക്കുറി കറങ്ങിയത് അങ്ങിനെയൊരു സാധാരണക്കാരനല്ല . മുഖ്യവിവരാവകാശ കമ്മിഷണറായ പാലാട്ട് മോഹന്‍ദാസ് വിരമിച്ചപ്പോള്‍ ആസ്ഥാനം വഹിച്ച വിവി ഗിരിക്കാണ് ദുരനുഭവം . കിട്ടാത്തവിവരം വേണ്ടന്ന് വച്ചു പോകാന്‍ എന്തായാലും അദ്ദേഹം കൂട്ടാക്കിയില്ല. അപ്പീലും അപ്പീലിന്‍ മേല്‍ അപ്പീലുമായി നടന്ന് ഒടുവില്‍ സര്‍ക്കാരിനെ മുട്ടുകുത്തിച്ചു . 

സര്‍വീസ് സംബന്ധമായ കാര്യങ്ങള്‍ തേടിയാണ് വിവി ഗിരി  ധനവകുപ്പില്‍ വിവരാവകാശ നിമയപ്രകാരം അപേക്ഷ നല്‍കിയത്  . അപേക്ഷ നല്‍കി 30ാം ദിവസം രേഖകള്‍ നല്‍കാന്‍ തയ്യാറായി അറിയിപ്പ് ലഭിച്ചു . 30 രൂപ അടയ്ക്കാനും നിര്‍ദേശിച്ചു . പണമടച്ച്  30 ദിവസത്തിനുശേഷവും വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് സൗജന്യമായി രേഖകള്‍ കൈാമാറണമെന്ന് കാണിച്ച് അദ്ദേഹം  ധനകാര്യവകുപ്പ് ജോയിന്റ് സെക്രട്ടറിക്ക് നല‍്കിയ അപ്പീലും തള്ളി . തുടര്‍ന്നാണ് മുഖ്യവിവരാവകാശ കമ്മഷനില്‍ നഷ്ടപരിഹാരം തേടി ഹര്‍ജിനല്‍കിയത് . മുന്‍കമ്മിഷണറുടെ വാദങ്ങള്‍ അംഗീകരിച്ച  മുഖ്യവിവരാവകാശ കമ്മിഷണര്‍ വിന്‍സന്‍ എം പോള്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട 360രൂപ നല്‍കാന്‍ സര്‍ക്കാരിനോട് ഉത്തരവിട്ടു . 

അപേക്ഷ നിരസിച്ച ധനകാര്യവകുപ്പ് ജോയിന്റ് ,സെക്രട്ടറി ധനവകുപ്പിലെ ഇന്‍ഫൊര്‍മേഷന്‍ ഒാഫിസര്‍ എന്നിവര്‍ക്കെതിരെ നടപടിക്ക് മുന്നോടി വിവരാവകാശ കമ്മിഷന്‍  കാരണം കാണിക്കല്‍ നോട്ടീസും അയച്ചു. സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്ന് കാണിച്ച് ധനകാര്യ സെക്രട്ടറിക്കുമുണ്ട് കമ്മിഷന്‍റെ നോട്ടീസ്