ചെങ്ങന്നൂരിൽ പ്രചരണച്ചൂട്; വോട്ട് കീശയിലാക്കാൻ അരക്കിട്ട് മുന്നണികൾ

ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പേ പ്രചാരണ പരിപാടികളുമായി മുന്നണികള്‍ സജീവമായി. എന്‍.ഡി.എ പരസ്യ പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. ചെറുയോഗങ്ങളിലൂടെ വ്യക്തിബന്ധങ്ങള്‍ വോട്ടാക്കാനുള്ള തിരക്കിലാണ് ഇടത് വലത് മുന്നണികള്‍.  

ചെങ്ങന്നൂര്‍ മണ്ഡലത്തിലെ കല്ലിശേരിയിലാണ് എന്‍ .ഡി.എ സ്ഥാനാര്‍ഥി പി.എസ്.ശ്രീധരന്‍ പിള്ളയുടെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായത്. ആദ്യഘട്ടത്തില്‍തന്നെ വോട്ടുകള്‍ ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കടകളും വീടുകളും കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. അതേസമയം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെ‌ടുപ്പിന് മുന്‍പ് ബി.ഡി.ജെ.എസുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

മാന്നാര്‍ , എണ്ണയ്ക്കാട്, ബുധനൂര്‍ , വെണ്‍മണി മേഖകളിലെ പൊതുപരിപാടികളിലും പാര്‍ട്ടി പരിപാടികളിലും എല്‍ .ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ പങ്കെടുത്തു. സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് എല്‍ .ഡി.എഫ്. ചൊവ്വാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുശേഷം പരസ്യപ്രചാരണം ആരംഭിക്കും. 

മാന്നാര്‍ പരുമല മേഖലയില്‍ വോട്ടര്‍മാരെ നേരിട്ട് കാണുന്ന തിരക്കിലായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാര്‍ . ഇരുപത്തിരണ്ടിന് നടക്കുന്ന കണ്‍വെന്‍ഷന് പിന്നാലെ സംസ്ഥാന ദേശീയ നേതാക്കള്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തും. ത്രികോണ മല്‍സരം നടക്കുമെന്ന് ഉറപ്പിച്ച തിരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും അഭിമാനപ്പോരാട്ടംകൂടിയാണ്.