പി.വി അൻവർ എംഎൽഎയുടെ കൂടരഞ്ഞി പാര്‍ക്കിനെ വെള്ളപൂശി അന്വേഷണ റിപ്പോര്‍ട്ട്

പി.വി അന്‍വര്‍ എംഎല്‍എയുടെ കൂടരഞ്ഞി പാര്‍ക്കിനെ വെള്ളപൂശി കോഴിക്കോട് ജില്ലാകലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. തദേശ സ്ഥാപനങ്ങളുടെ കെട്ടിട നിര്‍മാണ പ്ലാന്‍ സംബന്ധിച്ച ആരോപണം ഒഴികെ മറ്റെല്ലാ ആരോപണങ്ങളും റിപ്പോര്‍ട്ട് തള്ളി. എന്നാല്‍ എംഎല്‍എ പരിധിയില്‍ കവിഞ്ഞ ഭൂമി ൈകവശം വെച്ചുവെന്ന ആരോപണത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

കഴിഞ്ഞ മാസം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.പാര്‍ക്ക് അപകടസാധ്യത മേഖലയില്‍ അല്ല എന്ന് ദുരന്തനിവാരണ സേനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.വനഭൂമിയലാണെന്ന ആരോപണം വനംവകുപ്പും തള്ളി,പാര്‍ക്ക് പുറമ്പോക്കിലോ കൈയ്യേറ്റ ഭൂമിയിലോ അല്ല  എന്ന് റവന്യുവകുപ്പും റിപ്പോര്‍ട്ട് നല്‍കി.പാര്‍ക്കിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സ്വാഭാവിക നീരൊഴിക്കിന് തടസ്സം സൃഷ്ടിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സുപ്രധാന ആരോപണങ്ങള്‍ മുഴുവന്‍ നിഷേധിച്ച റിപ്പോര്‍ട്ടില്‍ തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയുമായി ബന്ധപ്പെട്ട് ചില ക്രമക്കേടുകള്‍ മാത്രമാണ് ചൂണ്ടിക്കാട്ടുന്നത്.

കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ മറികടന്ന് പാര്‍ക്കില്‍ മാറ്റംവരുത്തിയിട്ടുണ്ട്, അംഗീകൃത പ്ലാനില്‍ നിന്നുള്ള വ്യതിയാനങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ അംഗീകാരം വാങ്ങണം .പാര്‍ക്കില്‍ ഫയര്‍സേഫ്റ്റി ലൈസന്‍സും പുതുക്കണം.എന്നാല്‍ അതൊടൊപ്പം പാര്‍ക്കുമായി ബന്ധപ്പെടാത്ത മറ്റൊരു ആരോപണം റിപ്പോര്‍ട്ട് ശരിവെക്കുന്നുണ്ട്.പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശംവെച്ചുവെന്ന ആരോപണത്തില്‍ ഭൂപരിഷ്ക്കരണ നിയമപ്രകാരം നടപടിയെടുക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.