പ്യൂൺ തസ്തികയിലേക്കുള്ള നിയമനങ്ങൾ നിലച്ച അവസ്ഥയിൽ

 ഒാഫിസ് അസിസ്റ്റന്റ്, പ്യൂണ്‍ തസ്തികകളില്‍ നിയമനങ്ങള്‍ നിലച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍. സ്കൂള്‍ പ്രവേശനം മുതല്‍ പൊതുപരീക്ഷകള്‍ വരെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹായികളില്ലാത്തതിനാല്‍ നട്ടംതിരിയുന്നത് ഏഴായിരത്തിലധികം ഹയര്‍സെക്കന്‍ഡറി അധ്യാപകരാണ്. ജോലിഭാരം വര്‍ധിച്ചതോടെ വിദ്യാര്‍ഥികളുടെ പഠന പാഠ്യേതര വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ കഴിയില്ലെന്ന പരാതിയും വ്യാപകമാണ്. 

പ്ലസ് വണ്‍ ഏകജാലക അഡ്മിഷന്‍ പ്രക്രിയയുടെ ആയിരക്കണക്കിന് വരുന്ന അപേക്ഷകള്‍ സ്വീകരിക്കുക, ഫലങ്ങള്‍ പരിശോധിച്ച് കൃത്യമെന്ന് ഉറപ്പുവരുത്തുക, അഡ്മിഷന്‍ തുക ട്രഷറിയില്‍ നല്‍കി കുട്ടികളുടെ പേരുവിവരങ്ങള്‍ കംപ്യൂട്ടറില്‍ ശേഖരിക്കുക. ഇതിനെല്ലാം പുറമെയാണ് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക സ്പെഷല്‍ ക്ലാസ് നടത്തേണ്ടത്. വേനല്‍ക്കാല അവധിദിവസങ്ങളില്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പ്രധാന ജോലികളാണിത്. സ്കൂള്‍ വര്‍ഷം ആരംഭിച്ചാല്‍ പിന്നെ  ജോലിഭാരവും വര്‍ധിക്കും. ഹയര്‍ സെക്കന്‍ഡറി തുടങ്ങി കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ഒാഫിസ് അസിസ്റ്റന്റ്, പ്യൂണ്‍ തസ്തികകയിലേക്ക് നിയമനങ്ങള്‍ നടത്താത്തത് വലിയതരത്തിലുള്ള പ്രതിസന്ധി വിദ്യാഭ്യാസരംഗത്ത് സൃഷ്ടിച്ചിരിക്കുന്നത്. നിലവില്‍  അധ്യാപകര്‍  സ്വന്തം കയ്യില്‍ നിന്നു പണം നല്‍കി ഒന്നോ രണ്ടോ സഹായികളെ സ്കൂളുകളില്‍ നിയമിച്ചിരിക്കുകയാണ്. 

പ്രൈമറി തലത്തിലും ഹൈസ്കൂളിലും ക്ലര്‍ക്കും  പ്യൂണുമുള്‍പ്പെടെ നാല് ഒാഫിസ് സ്റ്റാഫുകളെ നിയമിക്കുമ്പോളാണ് ഹയര്‍ സെക്കന്‍ഡറിയോടുള്ള സര്‍ക്കാരിന്റെ അവഗണന.