14 കിലോ ഭാരം വരുന്ന മാംസഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

പതിനാറാം വയസിൽ പിടിപെട്ട മന്തിൽ നിന്ന് നാൽപ്പത്തിയാറാം വയസിൽ മോചനം. മുപ്പത് വർഷത്തിലേറെയായി മന്ത് രോഗം ബാധിച്ച തൃശൂർ സ്വദേശി സൈദലവിയുടെ തുടയിലെ 14 കിലോവരുന്ന വീർത്ത ഭാഗമാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. കൊച്ചി അമൃത ആശുപത്രിയിലെ വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു അതിസങ്കീർണമായ ശസ്ത്രക്രിയ.

മുപ്പത് വർഷമായി സെയ്തലവിലുടെ ജീവിതത്തിന്റെ ഭാഗമാണ് ഇടത് കാലിലെ തുടയിലെ ഈ ഭാരം. ഇതിങ്ങനെ വീർത്ത് വരുതായതോടെ രണ്ട് വര്ഷമായി പൂർണ കിടപ്പിലുമായി. അമൃത ആശുപത്രിയിലെ അഞ്ച് സർജൻമാരും മൂന്ന് അനസ്തറ്റിസ്റ്റുമാരുമടങ്ങുന്ന വിദഗ്ധസംഘം അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് 14 കിലോ ഭാരമുള്ള ഈ വീർത്തഭാഗം നീക്കം ചെയ്തത്. ഇതിനായുള്ള തയാറെടുപ്പ് ഒരു മാസത്തിലേറെ നീണ്ടു. മന്തിന്റെ അസാമാന്യ വലുപ്പം തന്നെയാണ് ശസ്ത്രക്രിയ അതിസങ്കീർണമാക്കിയതും. . ചികിത്സയെ കുറിച്ചുള്ള അറിവില്ലായ്മയാണ് പലരും ഇത്തരം ശസ്ത്രക്രിയകളോട് മുഖം തിരിക്കാൻ കാരണമാകുന്നത്. 

ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ സൈദലവിക്ക് ചലനശേഷി വീണ്ട് കിട്ടി. ഒൻപത് മാസം കഴിയുമ്പോൾ രണ്ട് കാലുകൾക്കും റിഡക്ഷൻ സർജറി കൂടി നടത്തേണ്ടതുണ്ട്. അതിന് ശേഷം സാധാരണ ജീവിതത്തിലേക്ക് പൂർണമായും മടങ്ങിയെത്താം. കേരളത്തിൽ ലിംഫിഡിമയെന്ന ഗുരുതര മന്ത് രോഗം ബാധിച്ച ഏഴ് ലക്ഷത്തോളം പേരുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തീരപ്രദേശത്താണ് ഈ രോഗബാധ കൂടുതലായി കണ്ട് വരുന്നതും.