ഭിക്ഷാടന മാഫിയ; ആ സന്ദേശങ്ങൾ വ്യാജം, വ്യക്തത വരുത്തി സർക്കാർ

സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഭിക്ഷാടന മാഫിയയില്ലെന്ന് വനിത ശിശുക്ഷേമ വകുപ്പ്.  ഭിക്ഷാടന മാഫിയ കുട്ടികളെ തട്ടിയെടുത്തെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സന്ദേശങ്ങളെല്ലാം വ്യാജമാണെന്ന് വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. 

  

പട്ടം ഗവണ്‍മെന്റ്  സ്കൂളില്‍ നിന്ന് കുട്ടിയെ കാണാതായെന്ന പേരില്‍ പ്രചരിച്ച ചിത്രമാണിത്.  ഒരു കുട്ടിയെപ്പോലും സ്കൂളില്‍ നിന്ന് കാണാതായിട്ടില്ലെന്ന് അന്വേഷണത്തില്‍ ബോധ്യമായി. ഭിക്ഷാടന മാഫിയയില്‍ നിന്ന് രക്ഷപെടുത്തിയ കുട്ടി കാസര്‍കോഡ് പൊലീസ് സ്റ്റേഷനിലുണ്ടെന്ന അറിയിപ്പുമായി പ്രചരിച്ച മറ്റൊരു സന്ദേശം. കാസര്‍കോടന്നല്ല, കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനിലും ഇങ്ങിനെയൊരു സംഭവമുണ്ടായിട്ടില്ല. ഇത്തരത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് ജനുവരി ഒന്ന് മുതല്‍ ഫെബ്രൂവരി ആദ്യം വരെ മുപ്പത് സന്ദേശങ്ങളാണ് ശിശുവികസന വകുപ്പിന് ലഭിച്ചത്. അവയെല്ലാം കളവെന്ന് ബോധ്യമായി.

കേരളത്തില്‍ കുട്ടികളെ കാണാതാവുന്ന കേസുകളില്‍ ഭിക്ഷാടന മാഫിയയുടെ ഇടപെടലില്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു. 2017ല്‍ കണ്ടെത്താനുള്ള 49 കുട്ടികളില്‍ ഭൂരിഭാഗവും 16 വയസിന് മുകളിലുള്ളവരാണ്. അവര്‍ പലവിധ കാരണങ്ങളാല്‍ വീട് വിട്ടവരാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

കുട്ടികളെ തട്ടിയെടുക്കുന്ന സംഘം ഇറങ്ങിയെന്ന ആശങ്കയും അതിന്റെ പേരില്‍ പലരെയും അകാരണമായി മര്‍ദിക്കുന്ന സംഭവങ്ങളും ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥനയോടെയാണ് ശിശുവികസനവകുപ്പ് അന്വേഷണറിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നത്.