തമിഴ്നാട്ടില്‍ കുട്ടികളെ വില്‍ക്കുന്ന വന്‍ റാക്കറ്റ് സജീവം

തമിഴ്നാട്ടില്‍ കുട്ടികളെ വില്‍ക്കുന്ന വന്‍ റാക്കറ്റ് സജീവമാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. വലിയതുറയില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തിയ ശിശുക്ഷേമ സമിതി ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് അന്വേഷണത്തിനായി പൊലീസിന് കൈമാറും. 

തമിഴ്നാട്ടിലെ ജയലളിത മെമ്മോറിയല്‍ മെഡിക്കല്‍ കോളജില്‍ നിന്നാണ് കുട്ടിയെ  വാങ്ങിയതെന്ന് വലിയതുറ സ്വദേശിനി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വല്ലി എന്ന സ്ത്രീയില്‍ നിന്നാണ് പണം കൊടുത്ത് കുട്ടിയെ വാങ്ങിയെന്നും മുദ്രപത്രത്തില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും ഇവര്‍ പറഞ്ഞു. ഇവര്‍ക്ക് കുട്ടിയെ വിറ്റ വല്ലി, നാലു കുട്ടികളെ വിറ്റിട്ടുള്ളതായി സംശയമുണ്ട്. ഇവര്‍ക്ക് പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. സമാനമായ രീതിയില്‍ തമിഴ്നാട്ടില്‍ നിന്ന് കുട്ടികളെ വില്‍ക്കുന്നതായി പരാതികള്‍ ലഭിച്ചിരുന്നു. എവിടെ നിന്നാണ് ഇവര്‍ക്ക് കുട്ടികളെ ലഭിക്കുന്നതെന്നും പരിശോധിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനാണ് ശിശുക്ഷേമ സമിതിയുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി അന്വേഷണത്തിനായി പൊലീസിന് കൈമാറും. 

വെറും മുദ്രപത്രത്തില്‍ മാത്രം എഴുതി കുട്ടിയെ വാങ്ങിയതാണ് ഏറെ സംശയം ജനിപ്പിക്കുന്നത്. , ദത്തെടുക്കല്‍ നിയമങ്ങളൊന്നും പാലിക്കാതെയാണ് കുട്ടിയെ വാങ്ങിയതെന്ന് ശിശു ക്ഷേമ സമിതിയുടെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കുട്ടികളെ വിലയ്ക്ക് വാങ്ങുന്നത് നിയമവിരുദ്ധമാണ്. വലിയതുറ സ്വദേശി വിലയ്ക്ക് വാങ്ങിയ കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമസമിതി  പ്രവര്‍ത്തകര്‍ ഏറ്റെടുത്തിട്ടുണ്ട്. മറ്റാര്‍ക്കെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ കുട്ടിയെ നിയമപ്രകാരം ദത്തെടുക്കാമെന്നാണ് സമിതിയുടെ നിലപാട്.