എഴുത്തമ്മയ്ക്ക് എണ്‍പത്തിനാല് വയസ്

മലയാളത്തിന്റെ സുകൃതം സുഗതകുമാരിക്ക് ഇന്ന് ആഘോഷങ്ങളില്ലാതെ എണ്‍പത്തിനാലാം പിറന്നാള്‍. കൊടിയ സഹനത്തില്‍ നിന്ന് ആനകളെ രക്ഷിക്കണം; നിയന്ത്രണംനഷ്ടമായ മനസ്സുകള്‍ക്ക് പതിനാലുജില്ലകളിലുംഅഭയമൊരുക്കണം; ഇതൊക്കെയാണ് എണ്‍പത്തിനാലാം പിറന്നാളില്‍ സുഗതകുമാരിയുടെ ചിന്ത. 

സുഗതകുമാരിയില്‍ കൂടുതലുള്ളത് കവയിത്രിയാണോ പോരാളിയാണോ എന്ന് ചോദിച്ചാല്‍ ഉത്തരംപറയാനാകില്ല. രണ്ടും വേര്‍തിരിച്ചെടുക്കാനാകാത്തവിധം ലയിച്ചിരിക്കുന്നു. പക്ഷേ ഒരുകാര്യം പറയാം. ഈ എഴുത്തമ്മയുടെ സന്തോഷത്തിനും രോഷത്തിനും കരുതലിനും പ്രതിഷേധത്തിനും ചെറുത്തുനില്‍പ്പിനുമൊക്കെ ആധാരം പ്രാപഞ്ചിക സ്നേഹം തന്നെയാണ്. 

1961 ല്‍ ആദ്യ കവിത മുത്തുച്ചിപ്പി പുറത്തിറക്കി. 67 ല്‍ പാതിരാപ്പൂക്കള്‍ എന്ന കവിതാസമാഹാരത്തിന് സാഹിത്യ അക്കാദമി പുരസ്കാരം. 68ല്‍ പാവം മാനവഹൃദയവും തൊട്ടടുത്തവര്‍ഷം ഇരുള്‍ ചിറകുകളും ആസ്വാദകര്‍ക്ക് മുന്നില്‍. രാത്രിമഴയ്ക്ക് 77 ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. 81 ല്‍ പുറത്തിറങ്ങിയ അന്പലമണികള്‍ക്ക് വയലാര്‍ അവാര്‍ഡും ആശാന്‍ പുരസ്കാരവും ഒാടക്കുഴല്‍ അവാര്‍ഡും ലഭിച്ചു. 

കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, കൃഷ്ണകവിതകള്‍, ദേവദാസി, വാഴത്തേന്‍ മലമുകളിലിരിക്കെ തുടങ്ങിയവ പ്രധാന രചനകള്‍. ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, വള്ളത്തോള്‍ പുരസ്കാരം, ബാലാമണിയമ്മ പുരസ്കാരം, 2009 ല്‍ മലയാളത്തിന്‍റെ സമുന്നത സാഹിത്യ ബഹുമതിയായ എഴുത്തഛന്‍ പുരസ്കാരം എന്നിവ സുഗതകുമാരിയെ തേടിയെത്തി. 2006 ല്‍ പത്മശ്രീ നല്‍കി ആദരിച്ചു. 

2013 ല്‍ രാജ്യത്തെ പ്രധാന പുരസ്കാരങ്ങളിലൊന്നായ സരസ്വതി സമ്മാനവും. ഇനി കുറെകാര്യങ്ങള്‍കൂടി ചെയ്യാനുണ്ടെന്ന് സുഗതകുമാരി സമകാലീന സമൂഹത്തിലെ ആകുലതകള്‍ ഏറെ വേദനിപ്പിക്കുമ്പോഴും കവയിത്രി പ്രതീക്ഷകൈവെടിയുന്നില്ല. ആഘോഷം ഒരിക്കലും ഇഷ്ടപ്പെടാത്ത ഈ അമ്മയുടെ എണ്‍പത്തിനാലാം പിറന്നാളും പതിവുദിനംപോലെ.