വിവരങ്ങള്‍ കേന്ദ്രീകരിക്കുന്നില്ല; കോടികളുടെ നികുതി മുക്കി അന്തര്‍സംസ്ഥാന വാഹനങ്ങൾ

അന്തര്‍ സംസ്ഥാന പെര്‍മിറ്റ് വാഹനങ്ങളുടെ നികുതി കുടിശികയുടെ വിവരങ്ങള്‍ കേന്ദ്രീകരിക്കപ്പടാത്തതിനാല്‍ ഇത്തരം വാഹനങ്ങള്‍ക്ക് കേരളത്തിലെത്താന്‍ മാര്‍ഗങ്ങളേറെ. മുത്തങ്ങ ചെക്പോസ്റ്റില്‍ മാത്രം 1710 വാഹനങ്ങള്‍ നല്‍കാനുള്ളത് 7 കോടി രൂപയാണ്. കുടിശ്ശികയുടെ വിവരങ്ങളുള്ള ചെക്പോസ്റ്റുകള്‍ക്ക് പകരം മറ്റ് അതിര്‍ത്തി ചെക്പോസ്റ്റുകളിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകുന്നു. മനോരമ ന്യൂസ് അന്വേഷണം തുടരുന്നു. കെഎ 01 എസി 3661 എന്ന കര്‍ണാടക നമ്പറിലുള്ള വാഹനം മുത്തങ്ങ വഴി ആറുതവണ കേരളത്തിലെത്തി. 

കുടിശിക പിടിക്കണമെന്ന പുതിയ ഉത്തരവ് പ്രകാരം ഈ വാഹനം ഒരു ലക്ഷത്തി എഴുപത്താറായിരത്തി നാന്നൂറ് രൂപയടയ്ക്കണം. മുത്തങ്ങ ചെക്പോസ്റ്റിലൂടെ കടന്നു പോയ നികുതികുടിശകയുള്ള 1710 വാഹനങ്ങളുടെ വിവരങ്ങളാണിത്. എന്നാല്‍ ഈ വിവരങ്ങള്‍ സംസ്ഥാനമൊന്നാകെ കേന്ദ്രീകരിക്കപ്പെട്ടിട്ടില്ല. അതായത് മറ്റ് ചെക്പോസ്റ്റുകളിലൂടെ വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ കേരളത്തിലെത്താം. കൂടാതെ ലക്ഷക്കണക്കിന് രൂപ കുടിശികയുള്ള വാഹനങ്ങള്‍ കൈമാറ്റം ചെയപ്പെടുന്നുണ്ട്. വാഹനങ്ങള്‍ വാങ്ങുന്നയാളാണ് ഇത്തരത്തില്‍ പറ്റിക്കപ്പെടുക. പരിശോധന കര്‍ശനമാക്കിയപ്പോള്‍ ഇത്തരം സംഭവങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. 

ഇത്തവണ ശബരമല സീസണില്‍ മുത്തങ്ങ വഴി അന്തര്‍ സംസ്ഥാന പെര്‍മിറ്റുള്ള ടൂറിസ്റ്റ് ബസുകളുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. മുത്തങ്ങയില്‍ ലഭിക്കാനുള്ള ഏഴ് കോടി രൂപയില്‍ എഴുപത്തെട്ട് ലക്ഷം രൂപ മാത്രമാണ് ഇതുവരേക്കും പിരിച്ചെടുക്കാനായത്.