കലോത്സവ വിധി നിർണയത്തിലെ ക്രമക്കേട് പുറത്ത്

സംസ്ഥാന സ്കൂള്‍ കലോല്‍സവങ്ങളില്‍ മുന്‍വര്‍ഷങ്ങളിലെ വിധിനിര്‍ണയത്തിലെ ക്രമക്കേടുകള്‍ പുറത്ത്. മൂന്നു വര്‍ഷം മുമ്പു നടന്ന കലോല്‍സവത്തിലെ വിധിനിര്‍ണയത്തിലെ അപാകതകളാണ് വിവരാവകാശ രേഖയിലൂടെ പുറത്തുവന്നത്. 2014 കലോല്‍സവത്തിലെ വിധികര്‍ത്താക്കളുടെ സ്കോര്‍ ഷീറ്റാണിത്. നൃത്ത ഇനങ്ങളിലെ മാര്‍ക്കുകളാണ് വെട്ടിത്തിരുത്തിയത്. അവസാന നിമിഷം പോയിന്റ് നിലകളില്‍ മാറ്റം വരുത്താന്‍ കോളങ്ങള്‍ ഒഴിച്ചിട്ടതായും രേഖകളില്‍ വ്യക്തം. ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യത്തിലും ഹൈസ്ക്കൂള്‍ വിഭാഗം കുച്ചുപ്പുടിയിലും കുട്ടികളുടെ മാര്‍ക്കുകള്‍ തിരുത്തി. ഹൈസ്കൂള്‍ വിഭാഗം മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും മൊത്തം മാര്‍ക്ക് കൂട്ടി എഴുതിയതിലും തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. 

ഇതേ വര്‍ഷം നടന്ന തൃശൂര്‍ ജില്ലാ കലോത്സവത്തില്‍ നൃത്ത ഇനങ്ങളിലെ സ്‌കോര്‍ ഷീറ്റുകള്‍ അപൂര്‍ണമായാണ് രേഖപ്പെടുത്തിയത്. മൊത്തം മാര്‍ക്ക് മാത്രം രേഖപ്പെടുത്തി, മറ്റ് കോളങ്ങള്‍ ഒഴിച്ചിട്ടു. അവസാന ഘട്ടത്തില്‍ പോയിന്റു നിലകളില്‍ മാറ്റം വരുത്താനായി ആവശ്യാനുസരണം മാര്‍ക്കുകള്‍ എഴുതി ചേര്‍ക്കുകയായിരുന്നു ഉദ്ദേശ്യം. അടുത്ത വര്‍ഷം കലോത്സവങ്ങളില്‍ വിധികര്‍ത്താക്കളുടെ ഇത്തരം ഇടപെടലുകള്‍ പരിശോധിക്കപ്പെടണമെന്ന് ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കു മലയാള വേദി സംഘടന പരാതി നല്‍കി.