ഓഖി: മല്‍സ്യത്തൊഴിലാളികള്‍ കടുത്ത മാനസിക ആഘാതത്തിൽ

ഓഖി ദുരന്തത്തില്‍ നിന്ന് രക്ഷപെട്ട മല്‍സ്യത്തൊഴിലാളികള്‍ കടുത്ത മാനസിക ആഘാതത്തില്‍. കടലില്‍ അകപ്പെട്ട ദിവസങ്ങളിലെ ഓര്‍മകള്‍ മായാത്തതിനാല്‍ പലരും മല്‍സ്യബന്ധനം ഉപേക്ഷിക്കാനൊരുങ്ങുന്നു. മല്‍സ്യബന്ധനം പുനരാരംഭിച്ച് ഒരാഴ്ചയായിട്ടും പകുതിയോളം ബോട്ടുകള്‍ മാത്രമാണ് ഇപ്പോളും കടലില്‍ പോകുന്നത്. 

പൂന്തുറക്കാരന്‍ ദേവൂസ്, മരണരൂപം പൂണ്ട തിരകളില്‍പെട്ട് കിടന്നത് നാല് ദിവസമാണ്. കൂടെയുണ്ടായിരുന്ന സുഹൃത്ത് പിടിഞ്ഞ് മരിക്കുന്നത് നേരില്‍ കാണേണ്ടിയും വന്നു. ഇങ്ങിനെ നടുക്കുന്ന നിമിഷങ്ങളാണ് രക്ഷപെട്ട് കരയിലെത്തിയവരുടെയെല്ലാം മനസിലില്‍ ഇപ്പോളും അലയടിക്കുന്നത്. ജീവന്‍ തിരികെ കിട്ടിയെന്ന് വിശ്വസിക്കാന്‍ പോലും പലര്‍ക്കുമായിട്ടില്ല. 

മരണത്തിനും കടലിനുമിടയില്‍പെട്ട ആ നിമിഷം വേട്ടയാടുന്നതിനാല്‍ കടലില്‍ പോകുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോളേ പേടിയാണ്. 

ദുരന്തഭീതി മൂലം പലരും കടലില്‍ പോകാത്തതിനാല്‍ തീരം ഇപ്പോഴും പൂര്‍ണമായും സജീവമായിട്ടില്ല.