സിപിഎമ്മുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ സിപിഐ കേന്ദ്രനേതൃത്വം

സിപിഎമ്മുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ സിപിഐ കേന്ദ്രനേതൃത്വം. സിപിഎം നേതൃത്വവുമായി ഉഭയകക്ഷി ചര്‍ച്ചനടത്താന്‍ സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനോട് നിര്‍ദേശിച്ചു. തൊട്ടുപിന്നാലെ സിപിഐയ്ക്കെതിരെ കടുത്ത വാക്പ്രയോഗങ്ങളുമായി സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്‍ രംഗത്തുവന്നു. 

തോമസ് ചാണ്ടിയുടെ രാജിയെത്തുടര്‍ന്ന് സിപിഐയും സിപിഎമ്മും തമ്മിലും സിപിഐയ്ക്കുള്ളിലും ഉണ്ടായ പൊട്ടിത്തെറികള്‍ പരിഹരിക്കാനാകാതെ തുടരുന്ന പശ്ചാത്തലത്തിലാണ് സിപിഐ കേന്ദ്രജനറല്‍ സെക്രട്ടറി തന്നെ ഇടപെട്ടത്. എല്‍ഡിഎഫിലുള്ളത് കുടുംബപ്രശ്നം മാത്രമാണെന്ന് സുധാകര്‍ റെഡ്ഡി മനോരമന്യൂസിനോട് പറഞ്ഞു. ഇത് പരിഹരിക്കാന്‍ കാനം സിപിഎം നേതാക്കളുമായി ചര്‍ച്ചനടത്തും. 

എന്നാല്‍ സിപിഐ നീക്കങ്ങള്‍ക്ക് ചെവികൊടുക്കാന്‍ സിപിഎം തല്‍ക്കാലം തയാറല്ലെന്ന പ്രതീതിയാണ് നേതാക്കളുടെ പ്രതികരണങ്ങള്‍ ഉണ്ടാക്കിയത്. സിപിഐയ്ക്കുള്ളിലെ തര്‍ക്കങ്ങളില്‍ പക്ഷം ചേരാനും സിപിഎം നേതാക്കള്‍ ശ്രമിച്ചു. 

ഈ നിലപാട് സിപിഐ തള്ളി. ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍ സിപിഐ തന്നെ ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറഞ്ഞു. പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും കെ.ഇ.ഇസ്മയിലിനോട് സംസാരിച്ചിട്ടുണ്ടെന്നും കേന്ദ്ര സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രനും അറിയിച്ചു.