ആഡംബരക്കാറിൽ വേഗപ്പാച്ചില്‍; യുവാവ് മരിച്ചു

തിരുവനന്തപുരത്ത് രാജ്ഭവനുമുന്നില്‍ അമിത വേഗത്തിലോടിച്ച കാർ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. നാലുപേര്‍‌ക്ക് പരുക്കേറ്റു. അമിത വേഗം നിയന്ത്രിക്കാൻ കർശന നടപടിയെടുക്കുമെന്നും കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ നിർദ്ദേശം നല്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. 

ഇന്നലെ രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകടം. വെള്ളയമ്പലം ഭാഗത്തു നിന്ന് കവടിയാറിയിലേയ്ക്ക് വരികയായിരുന്ന താല്കാലിക റജിസ്ട്രേഷനിലുള്ള കാർ രാജ്ഭവനു മുമ്പിലാണ് അപകടത്തിൽപ്പെട്ടത്. ഒാട്ടോയിലിടിച്ച് സമീപത്തെ ഇലക്ട്രിക് പോസ്റ്റും തപാൽപ്പെട്ടിയും തകർത്ത് മരത്തിലിടിച്ചാണ് മറിഞ്ഞത്. പൂർണ്ണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. എസ് പി ഗ്രൂപ്പ് ഉടമകളില്‍ ഒരാളായ പെരുന്താന്നി സുഭാഷ് നഗറില്‍ സുബ്രഹ്മണ്യന്റെ മകന്‍ ആദര്‍ശ് ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നു പെണ്‍കുട്ടികള്‍ക്കും ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കുമാണ് പരുക്കേറ്റത്. വെള്ളയമ്പലം കവടിയാർ റോഡിൽ അമിത വേഗവും മത്സരയോട്ടവും പതിവാണ്. നിരവധി പരാതികളുന്നയിച്ചിട്ടും നടപടിയില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.