സംസ്ഥാനത്ത് റേഷൻ അരിയ്ക്കും ഗോതമ്പിനും വിലകൂടും

സംസ്ഥാനത്ത് റേഷൻ അരിയ്ക്കും ഗോതമ്പിനും കിലോയ്ക്ക് ഒരു രൂപ വീതം കൂടും. മഞ്ഞകാർഡുള്ള അറുലക്ഷം പേർക്ക് മാത്രമേ ഇനി സൗജന്യറേഷനുള്ളു. റേഷൻവ്യാപാരികളുടെ വേതനം വർധിപ്പിച്ച സാഹചര്യത്തിലാണിത്. അതേസമയം റേഷൻ സമരം അത്തുതീർപ്പാക്കാൻ മന്ത്രി റേഷൻവ്യാപാരികളുമായി ഭക്ഷ്യമന്ത്രി ചർച്ച തുടരുകയാണ്. 

16000 രൂപ മുതൽ 47000 രൂപ വരെയായിരിക്കും ഇനി റേഷൻവ്യാപാരികളുടെ മാസവരുമാനം. ഇത് നൽകാൻ 162 കോടി രൂപയാണ് സർക്കാർ അധികമായി കണ്ടെത്തേണ്ടത്. ഇതിൽ 45 കോടി രൂപ സർക്കാരെടുക്കും. 117 കോടി കൈകാര്യചെലവായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാനാണ് തീരുമാനം. ഇതോടെ സൗജന്യ റേഷൻ കിട്ടിയിരുന്ന 35 ലക്ഷം പേരിൽ എ.വൈ. പദ്ധതിയിൽ ഉൾപ്പെടാത്ത 29 ലക്ഷം പേർ ഇനി അരിക്കും ഗോതമ്പിനും കിലോയ്ക്ക് 1 രൂപ വീതം നല്കേണ്ടി വരും. രണ്ട് രൂപയ്ക്ക് അരി കിട്ടിയിരുന്ന മുൻഗണന ഇതര വിഭാഗക്കാർ ഇനി മൂന്ന് രൂപയും എട്ട് രൂപ തൊണ്ണൂറ് പൈസയ്ക്ക് അരി കിട്ടിയിരുന്നവർ 9 രൂപ 90 പൈസയും കൊടുക്കണം. കൈകാര്യം ചെയ്യുന്ന കാർഡുകളുടെയെണ്ണവും ഭക്ഷ്യ വസ്തുക്കളുടെ അളവും കണക്കാക്കിയാണ് വ്യാപാരികളുടെ വേതനം നിശ്ചയിക്കുക.

പാക്കേജ് ഉടൻ നടപ്പാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. എന്നാൽ റേഷൻ കടകൾ കംപ്യൂട്ടർ വത്കരിച്ച ശേഷം മാത്രമേ വേതനം വർധിപ്പിക്കൂവെന്നാണ് സർക്കാർ നിലപാട്. മൂന്ന് മാസത്തിനുള്ളിൽ കംപ്യൂട്ടർ വത്കരണം പൂർത്തിയാക്കുമെന്നാണ് സർക്കാർ പറയുന്നതെങ്കിലും ഇത് പ്രായോഗികകമല്ലെന്നാണ് വ്യാപാരികളുടെ ആക്ഷേപം.