നുറുക്ക് അരിയുടെ കയറ്റുമതി നിരോധിച്ച് കേന്ദ്രം; വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി

നുറുക്ക് അരിയുടെ കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ബസ്മതി ഒഴികെയുള്ള വിവിധ അരി ഇനങ്ങളുടെയും നെല്ലിന്‍റെയും കയറ്റുമതിക്ക് 20 ശതമാനം തീരുവ ഏര്‍പ്പെടുത്തി. ഉല്‍പാദനം കുറയാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യഭദ്രത ഉറപ്പാക്കാനുമാണ് ഈ നടപടി. അരിയുല്‍പാദനം 80 ലക്ഷം ടണ്‍ കുറയാമെന്ന് കേന്ദ്ര ഭക്ഷ്യസെക്രട്ടറി സുധാന്‍ശു പാണ്ഡെ പറഞ്ഞു.

മോശം കാലാവസ്ഥമൂലം രാജ്യത്ത് ഇത്തവണ അരി ഉല്‍പ്പാദനം കുറയുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ സീസണില്‍ കൃഷിയിറക്കിയത് 6 ശതമാനം കുറവാണ്. കൂടാതെ ആഭ്യന്തരവിപണയില്‍ അരി വില കുതിച്ചുയരുകയാണ്. ചില്ലറ വില്‍പന വിലയില്‍ കഴിഞ്ഞ വര്‍ഷത്തേയ്ക്കാള്‍ 5.7 ശതമാനമാണ് വര്‍ധന. മൊത്തവില 7.8 ശതമാനം വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് വിലക്കയറ്റം നിയന്ത്രിക്കുക, ഭക്ഷ്യഭദ്രത ഉറപ്പാക്കുക, ആഭ്യന്തരവിപണിയിലെ വില പിടിച്ചുനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ണയക തീരുമാനം. നുറുക്ക് അരിയുടെ കയറ്റുമതി നിരോധനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. 

നേരത്തെയുള്ള കരാറിന്‍റെ ഭാഗമായുള്ളതോ, ചരക്കുനീക്കം ആരംഭിച്ചതോ ആയ കയറ്റുമതിക്ക് വ്യാഴാഴ്ച്ചവരെ ഇളവുണ്ട്. ബസുമതി ഇതര വിവിധ ഗ്രേഡ് അരികള്‍ക്ക് 20 ശതമാനം കയറ്റുമതിച്ചുങ്കവും നിലവില്‍വന്നു. ചൈന കഴിഞ്ഞാല്‍ ഏറ്റവും വലിയ അരി ഉല്‍പ്പാദകരാജ്യമാണ് ഇന്ത്യ. രാജ്യാന്തര കയറ്റുമതിയില്‍ 40 ശതമാനം ഇന്ത്യയില്‍ നിന്നാണ്. യുക്രൈയ്ന്‍ യുദ്ധം അടക്കമുള്ള സാഹചര്യങ്ങള്‍ മൂലം അരിയുടെ ആവശ്യകത വര്‍ധിച്ചു. ഇന്ത്യയിലെ വിലക്കുറവ് മുതലെടുത്ത് വലിയ തോതില്‍ അരി സംഭരിച്ച് മറിച്ചു വിറ്റ് വന്‍ ലാഭമുണ്ടാക്കുന്നതും കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. 112 ദശലക്ഷം ടണ്‍ അരി ഉല്‍പാദനമാണ് ഈ ഖാരിഫ് സീസണില്‍ ലക്ഷ്യമിട്ടിരുന്നത്. 150 ഒാളം രാജ്യങ്ങളിലേയ്ക്ക് ഇന്ത്യ അരി കയറ്റുമതി ചെയ്യുന്നുണ്ട്.