ലാവ് ലിൻ കേസ്; രണ്ടാഴ്ചയ്ക്കകം അപ്പീൽ നൽകാൻ സിബിഐ നീക്കം

ലാവ് ലിൻ കേസിൽ രണ്ടാഴ്ചയ്ക്കകം അപ്പീൽ നൽകാൻ സിബിഐ നീക്കം.അപ്പീൽ ഹർജി താമസിക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണങ്ങൾക്കിടെയാണ് സിബിഐ ഇക്കാര്യമറിയിച്ചത്. കേസിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പ്രതികളെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. 

ലാവ് ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത് ഓഗസ്റ്റ് അവസാന വാരമാണ്. അപ്പീൽ നൽകുമെന്ന് അന്ന് തന്നെ അറിയിച്ച സിബിഐ ഇതുവരെയും സുപ്രീംകോടതിയെ സമീപിക്കാതിരുന്നതോടെയാണ് ഇത് രാഷ്ട്രീയമായി ഉപയോഗിക്കാൻ കോൺഗ്രസ് തയാറെടുത്തത്. അപ്പീൽ നൽകാത്തത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണെന്ന് പടയൊരുക്കം യാത്രയ്ക്കിടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിക്കുകയായിരുന്നു. 

ഇതിന് പിന്നാലെയാണ് വിധിക്കെതിരെ സുപ്രീം കോടതിയിൽ നൽകാനുള്ള അപ്പീൽ ഹർജി തയാറായിക്കഴിഞ്ഞുവെന്ന വിവരം പുറത്തുവന്നത്. ഈ മാസം 23 നകം അപ്പീൽ നൽകും. ഇത് നിയമ ,പഴ്സണൽ മന്ത്രാലയങ്ങളുടെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. ലാവ് ലിൻ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്നത്തെ വൈദ്യുതമന്ത്രിയായിരുന്ന പിണറായി മന്ത്രിസഭയിൽ നിന്ന് മറച്ചുവച്ചുവെന്നും ഇടപാടിൽ അമിത താൽപര്യം കാണിച്ചെന്നുമുള്ള വാദങ്ങൾ ഹർജിയിലുണ്ടെന്നാണ് സൂചന. കെഎസ് ഇബി ഉദ്യോഗസ്ഥരടക്കം മൂന്നുപേർ മാത്രമാണ് ഇനി പ്രതിസ്ഥാനത്ത് അവശേഷിക്കുന്നത്. പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇവരിലൊരാളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.