ബിമൽ അക്കോയിജാം കളത്തില്‍; മണിപ്പൂരില്‍ ബിജെപിയ്ക്ക് കടുത്ത വെല്ലുവിളിയോ?

കലാപം അടങ്ങിയിട്ടില്ലാത്ത ഇന്നർ മണിപ്പുർ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയും ജെഎൻയു പ്രഫസറുമായ ഡോ. ബിമൽ അക്കോയിജാമിന്റെ പ്രചാരണം ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നു. കലാപത്തിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്‍റെ തലയില്‍ മാത്രം കെട്ടിവയ്ക്കാനാണ് മോദിയും അമിത്ഷായും ശ്രമിക്കുന്നതെന്ന് ബിമല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.  

മൊയ്രാങ്ങിലെ പ്രചാരണ സ്ഥലത്ത് വെടിവയ്പ്പുണ്ടായതിനെത്തുടർന്ന് പരിപാടി ഉപേക്ഷിച്ച്  മടങ്ങേണ്ടിവന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ.ബിമല്‍ അക്കോയിജാമിന്. സായുധകലാപത്തിന്‍റെ നാട്ടില്‍ നിരന്തര ഭീഷണിക്കുനടുവിലായിരുന്നു പ്രചാരണം. ഗോത്രമേഖലയിൽ കലാപം തുടങ്ങിയപ്പോള്‍ ഫലപ്രദമായ നടപടിയുണ്ടായില്ലെന്ന് ബിമല്‍. സ്വയം രക്ഷക്കായാണ് ജനം ആയുധമെടുത്തത്. മണിപ്പുർ കലാപം ഗോത്രാവകാശങ്ങളുമായി ബന്ധപ്പെട്ടതാണെന്ന വാദം തെറ്റാണെന്നും ബിമല്‍ പറയുന്നു. 

എന്നാല്‍ കലാപത്തിന്‍റെ യഥാര്‍ഥ കാരണം ജനങ്ങളെ ബോധ്യപ്പെടുത്താനാവുന്നുണ്ടെന്ന് ബിജെപി സ്ഥാനാര്‍ഥി തൗനാജം ബസന്തകുമാർ സിങ് പറയുന്നു.    പരസ്പരവിശ്വാസമുണ്ടാക്കാനുള്ള ശ്രമം തുടരുകയാണ്. കുക്കികളും മെയ്തെയ്കളും ഒന്നിച്ചു ജീവിക്കണം, പക്ഷേ അനധികൃത കുടിയറ്റം അനുവദിക്കില്ല. 

കേന്ദ്ര മന്ത്രി ആർ.കെ.രഞ്ജനെ ഒഴിവാക്കിയാണ് ഇന്നർ മണിപ്പുർ മണ്ഡലം ബസന്തകുമാറിന് നൽകിയത്. മെയ്തെയ്-കുക്കി അതിർത്തികളിൽ കേന്ദ്ര സേന വിന്യാസം വർധിപ്പിച്ചിട്ടുണ്ട്. ഔട്ടർമണിപ്പുർ മണ്ഡലത്തില്‍ പോളിങ് 19നും 26 നുമായി നടക്കും.