'ഇന്ത്യയിലെ യുവാക്കള്‍ക്ക് വിരാട് കോഹ്‌ലിയുടെ മനോഭാവം'; മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍

ഇന്ത്യയിൽ സന്തുഷ്ടരല്ലാത്തതിനാൽ ധാരാളം യുവാക്കൾ തങ്ങളുടെ സംരഭങ്ങള്‍ തുടങ്ങാൻ വിദേശത്തേക്ക് പോകുന്നുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഗവർണർ രഘുറാം രാജൻ. ഇന്ത്യയിലെ യുവാക്കള്‍ക്ക് വിരാട് കോഹ്‌ലിയുടെ മാനസികാവസ്ഥയാണെന്നും ബിസിനസ് അവസരങ്ങള്‍ക്കായി അവര്‍ വിദേശത്തേക്ക് പോകുകയാണെന്നും യുവാക്കള്‍ ഇവിടെ ജീവിക്കുന്നതില്‍ സന്തുഷ്ടരല്ലെന്നും രഘുറാം രാജൻ പറഞ്ഞു. 

ഇന്ത്യന്‍ സംരഭകര്‍ സിംഗപ്പൂരിലേക്കും സിലിക്കൺ വാലിയിലേക്കും പോകുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 'അവര്‍ക്ക് അവരുടെ സംരഭം ആഗോളതലത്തില്‍ വളര്‍ത്തണമെന്നാണ് ആഗ്രഹം. വിരാട് കോഹ്‌ലിയുടെ മാനസികാവസ്ഥയുള്ള ഒരു യുവത ഇന്ത്യയിലുണ്ടെന്ന് ഞാൻ കരുതുന്നു. ഇന്ത്യയില്‍ നില്‍ക്കാന്‍ യുവാക്കള്‍ ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണവും വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കാനുള്ള കാരണവും എന്താണ്? പല സംരഭകരുമായി സംസാരിക്കുമ്പോള്‍ അവരാരും ഇന്ത്യയില്‍ നില്‍ക്കാന്‍ താല്‍പര്യപ്പെടുന്നില്ല' എന്നാണ് രഘുറാം മറുപടി നല്‍കിയത്. 

യുവാക്കളുടെ മാനവ മൂലധനം മെച്ചപ്പെടുത്തുന്നതിലും അവരുടെ വൈദഗ്ധ്യം വർധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‌ജനാധിപത്യ ലാഭവിഹിതത്തിന്‍റെ നേട്ടം ഇന്ത്യ കൊയ്യുന്നില്ലെന്ന് മുൻ ആർബിഐ ഗവർണർ പറഞ്ഞു. ചിപ്പ് നിർമ്മാണത്തിനായി ഇന്ത്യ കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നതിനെ രഘുറാം രാജൻ വിമർശിച്ചു.