കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ്; കൊച്ചിയില്‍ മാത്രം 6 കേസുകള്‍

online-fraud
SHARE

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് വ്യാപകമാകുന്നു. കൊച്ചി നഗരത്തില്‍ മാത്രം കഴിഞ്ഞ ഒന്നരമാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് ആറ് കേസുകള്‍. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസിന്റെ അന്വേഷണത്തില്‍ പ്രതി ചേര്‍ത്തുവെന്നും, അക്കൗണ്ട് പരിശോധനയ്ക്കെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. 

കൊച്ചിയിലെ ഒരു കത്തോലിക്കാ വൈദികന് കഴിഞ്ഞ മാസം ഇരുപത്തിയാറിന് ഒരു ഫോണ്‍കോള്‍. 2023 സെപ്റ്റംബറില്‍ മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത നരേഷ് ഗോയലിന്റെ കള്ളപ്പണ സംഘത്തില്‍നിന്ന് വൈദികന്റെ അക്കൗണ്ട് വിവരങ്ങളും, ആധാര്‍, മൊബൈല്‍ നമ്പര്‍, പണമിടപാട് നടന്നതിന്റെ വിശദാംശങ്ങള്‍ എന്നിവ ലഭിച്ചു. സുപ്രീംകോടതി വിധിപ്രകാരം അതീവരഹസ്യമായി നടത്തുന്ന അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ആരോടും വെളിപ്പെടുത്താന്‍ പാടില്ലെന്ന് ഭീഷണിയും. 

അഭിഭാഷകനുമായി സംസാരിക്കണമെന്ന് പറഞ്ഞെങ്കിലും നിസഹകരിച്ചാല്‍ തൊട്ടടുത്തനിമിഷം ലോക്കല്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് വിളിച്ചയാളുടെ ഭീഷണി. തുടര്‍ന്ന് സ്കൈപ്പ് കോളില്‍ വരാന്‍ നിര്‍ദേശം. കോടതി ഉത്തരവ്, അറസ്റ്റ് വാറണ്ട് അടക്കമുള്ള രേഖകള്‍ കാണിച്ചായി ഭീഷണി. പണമിടപാട് നടന്ന അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ പണം അയക്കാന്‍ നിര്‍ദേശിച്ചു. 

രഹസ്യസ്വഭാവമുള്ള അന്വേഷണത്തിന്റെ വിവരം ബാങ്കുകാര്‍ക്ക് മനസിലാകാതിരിക്കാന്‍ ശര്‍മ ഹെയര്‍സ്റ്റൈല്‍ എന്ന അക്കൗണ്ടിലേക്ക് പണം അയക്കണമെന്നായിരുന്നു ആവശ്യം. ഫോണ്‍ കോള്‍ കട്ട് ചെയ്യാതെതന്നെ ബാങ്കില്‍പോയി അഞ്ചുലക്ഷം രൂപ അയക്കാന്‍ സമ്മര്‍ദം ചെലുത്തി. പണം അയച്ചുകഴിഞ്ഞ് സംശയം തോന്നിയോടെയാണ് പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയത്. സമാനമായ തട്ടിപ്പ് വ്യാപകമാകുന്നതായി കൊച്ചി സിറ്റി പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Online money fraud in name of Central Investigating Agencies.

MORE IN INDIA
SHOW MORE