'ഇഡി അറസ്റ്റ് ബിജെപിയിൽ ചേരാൻ നിർബന്ധിതനാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം'; ഹേമന്ത് സോറൻ

hemant-soren-02
SHARE

ഇഡി അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ ബിജെപിയിൽ ചേരാൻ നിർബന്ധിതനാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ. പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ദുര്‍ബലമായ ആരോപണങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിക്കുന്നതെന്നും പരാതി പരിശോധിച്ചാൽ സോറനെ കേസിൽ എങ്ങനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്ന് വ്യക്തമാകുമെന്നും ഹർജിയിൽ പറയുന്നു. 

അതേ സമയം ഹേമന്ത് സോറൻ റാഞ്ചിയിലെ പ്രത്യേക കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ഇഡി മറുപടി ഫയൽ ചെയ്യാൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസിന്‍റെ അടുത്തവാദം ഏപ്രിൽ 23ലേക്ക് മാറ്റി.

അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ഹര്‍ജിക്കാരനെപ്പോലുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളെ അടിച്ചമർത്താനും ഭീഷണിപ്പെടുത്താനും അപമാനിക്കാനും കേന്ദ്രസർക്കാർ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇത്തരത്തില്‍ അവരെ ഭാരതീയ ജനതാ പാർട്ടിയിൽ ചേര്‍ക്കുകയാണ് ലക്ഷ്യമെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. തനിക്കെതിരായ നടപടി രാഷ്ട്രീയ പകപോക്കലാണെന്നും അന്വേഷണ ഏജൻസിയെ ദുരുപയോഗം ചെയ്തുകൊണ്ട് കേന്ദ്ര സർക്കാർ നടത്തുന്ന ദുരുദ്ദേശ്യപരമായ നടപടിയാണെന്നും സോറൻ ആരോപിച്ചു.

ജാർഖണ്ഡ് മുക്തി മോർച്ചയുടെ വർക്കിംഗ് പ്രസിഡന്‍റാണ് താനെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതോടെ ജാർഖണ്ഡിൽ തന്‍റെ പാർട്ടിക്ക് വേണ്ടി സജീവമായി പ്രചാരണം നടത്തേണ്ടതുണ്ടെന്നും ഹർജിയിൽ ഹേമന്ത് സോറൻ പറഞ്ഞു. കേസില്‍ അടിയന്തിര നടപടി ആവശ്യമുണ്ടെന്നും തിരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തില്‍ ഹരജിക്കാരനെ ഉടൻ വിട്ടയച്ചില്ലെങ്കിൽ അത് പ്രക്രിയയെ തന്നെ മോശമായി ബാധിക്കുമെന്നും ഭാരതീയ ജനതാ പാർട്ടി അതിനെ വിജയിക്കാനുള്ള മാര്‍ഗമാക്കി മാറ്റുമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. 

മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിന് തൊട്ടുപിന്നാലെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ജനുവരി 31 ന് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അദ്ദേഹം റാഞ്ചിയിലെ ബിർസ മുണ്ട സെൻട്രൽ ജയിലിലാണ്. അധികൃത ഭൂമി ഇടപാട് കേസില്‍ രണ്ടാഴ്ച മുന്‍പാണ് സോറനെതിരെ ഇ.ഡി കുറ്റപത്രം ചുമത്തിയത്. അറസ്റ്റിലായ അഞ്ച് പ്രതികളെയും ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പിടിച്ചെടുത്ത രേഖകളില്‍ മുഖ്യമന്ത്രിയായിരിക്കെ സോറന്‍ നടത്തിയ ഇടപാടുകളുടെ രേഖകള്‍ ഇ.ഡി കണ്ടെടുത്തിരുന്നു. 

"Arrest Part Of Well-Orchestrated Conspiracy": Hemant Soren Seeks Bail

MORE IN INDIA
SHOW MORE