ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ്; സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷംതന്നെ നടപ്പാക്കും

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസെന്ന ദേശീയ വിദ്യാഭ്യാസനയം അടുത്ത അധ്യയന വർഷംതന്നെ നടപ്പാക്കുമെന്ന് നാഷനൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾസ്. ഭാവിയിൽ കുട്ടികളുടെ തുടർ വിദ്യാഭ്യാസത്തിലടക്കം പ്രതിസന്ധിയുണ്ടാകാതിരിക്കാനാണ് തീരുമാനമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. അതേസമയം ആറ് വയസ് പൂർത്തിയാകാത്ത കുട്ടികൾക്ക് മാതാപിതാക്കളുടെ സമ്മതപത്രം വാങ്ങി പ്രവേശനം നൽകാനാണ് തീരുമാനം.മൂന്നാംവയസിൽ ഔദ്യോഗിക പ്രാഥമിക വിദ്യാഭ്യാസം തുടങ്ങുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം.

ഒന്നാം ക്ലാസ് പ്രവേശനം ആറുവയസ് പൂർത്തിയായശേഷമെന്ന് കഴിഞ്ഞ ഫെബ്രുവരി 15 ന് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. പ്രായപരിധി അഞ്ച് വയസിൽ തുടരുമെന്ന സംസ്ഥാന സർക്കാർ നിലപാട് ഭാവിയിൽ തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാണ്. ഒന്നാംക്ലാസ് പ്രവേശനം ആറുവയസിലെന്നാണ് ദേശീയ വിദ്യാഭ്യാസ നയം പറയുന്നത്. പ്രീ കെ.ജി മുതൽ ഔദ്യോഗിക വിദ്യാഭ്യാസത്തിന്‍റെ ഭാഗമാകും. മൂന്നുവയസിൽ പ്രീ കെ.ജി. വിദ്യാഭ്യാസം തുടങ്ങും.