ഡേറ്റിങ്ങും റിലേഷന്‍ഷിപ്പും പാഠപുസ്തകത്തില്‍; സര്‍പ്രൈസെന്ന് സോഷ്യല്‍മീഡിയ

ഡേറ്റിങ്ങും റിലേഷന്‍ഷിപ്പും ഇനി സിബിഎസ്ഇ പാഠപുസ്തകത്തിന്റെ ഭാഗമാകും. ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിക്കുകയാണ്. പ്രണയത്തെക്കുറിച്ചും നല്ല ബന്ധങ്ങളെക്കുറിച്ചും മോശം ബന്ധങ്ങളെക്കുറിച്ചും തീര്‍ത്തും സംശയങ്ങളും ആശങ്കകളും ഏറെയുള്ള പ്രായമാണ് കൗമാരം.  മാതാപിതാക്കളുമായി പല കാര്യങ്ങളും തുറന്നു പറയാനും സംശയം തീര്‍ക്കാനും പല കൗമാരക്കാര്‍ക്കും സാധിക്കാറുമില്ല. അതുകൊണ്ടുതന്നെ ഇക്കാലത്ത് ഡേറ്റിങ്ങും റിലേഷന്‍ഷിപ്പും പാഠപുസ്കത്തിന്റെ ഭാഗമാകുന്നത് നല്ലതാണെന്ന അഭിപ്രായമാണ് ഭൂരിഭാഗം പേര്‍ക്കുമുള്ളത്. മാതാപിതാക്കളെയും ആശങ്കയിലാക്കുന്ന വിഷയങ്ങളില്‍ കുട്ടികളെ സ്കൂളില്‍ നിന്നുതന്നെ കാര്യങ്ങള്‍ പഠിപ്പിക്കാനുള്ള സിബിഎസ്ഇ തീരുമാനത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കണമെന്ന അഭിപ്രായമാണ് ഭൂരിഭാഗം പേര്‍ക്കുമുള്ളത്. 

അതേസമയം തന്നെ കമന്റുകളുടെ പൊടിപൂരം കൂടിയാണ് പാഠപുസ്തകചിത്രങ്ങള്‍ക്കു താഴെ നിറയുന്നത്. ഡേറ്റിങ്ങിന്റേയും പ്രണയബന്ധങ്ങളുടെയും പല തലങ്ങളും സൂക്ഷ്മമായാണ് പാഠപുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത്. ഒപ്പം ഗോസ്റ്റിങ്, കാറ്റ് ഫിഷിങ്, സൈബര്‍ ബുളളിയിങ് എല്ലാം പാഠപുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. 

ചിത്രങ്ങള്‍ക്കു താഴെ രസകരമായ പല കമന്റുകളും നിറയുന്നുണ്ട്. അടുത്ത ചാപ്റ്റര്‍ ബ്രേക്ക് അപുകളെ എങ്ങനെ തരണം ചെയ്യാം എന്നതായിരിക്കണമെന്നാണ് ഒരാളുടെ കമന്റ്. ആ പുസ്തകം മൊത്തം വായിക്കാനാഗ്രഹിക്കുന്നവരും പലരുണ്ട്. ഇത് ഈ കാലത്തിന്റെ ആവശ്യമാണെന്നും ടോക്സിക് ബന്ധങ്ങളില്ലാതാക്കാന്‍ ഈ നടപടി ഉപകരിക്കുമെന്നും പറയുന്നവരുണ്ട്. കൗമാരക്കാര്‍ക്കിടയില്‍ ആത്മഹത്യയും ഡിപ്രഷനും വര്‍ധിച്ചുവരുന്ന സാഹചര്യമാണിത്. ഇരുപത് വയസ് തികയും മുന്‍പ്, പ്രണയം,ബന്ധം, ബ്രേക്ക് അപ്, വിവാഹം, ഡിവേഴ്സ് എല്ലാ സാഹചര്യങ്ങളെക്കുറിച്ചും പുതിയ തലമുറയ്ക്ക് നല്ല ബോധ്യമുണ്ടാക്കണമെന്ന തരത്തിലും ചര്‍ച്ചകള്‍ നീളുന്നുണ്ട്. 

CBSE class nine book has a chapter on dating and relationships