അത്ഭുത രോഗശാന്തി ചെയ്​താല്‍ അറസ്റ്റ്; ബദറുദ്ദീന്‍ അജ്മലിന് മുന്നറിയിപ്പുമായി ഹിമന്ത ബിശ്വ ശര്‍മ

ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവും എംപിയുമായ ബദറുദ്ദീന്‍ അജ്മലിനെതിരെ മുന്നറിയിപ്പുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ. അത്ഭുത രോഗശാന്തി സംസ്ഥാനത്ത് നിരോധിച്ചതാണെന്നും ആരെങ്കിലും ചെയ്യുന്നതായി കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നും ഹിമന്ത ബിശ്വശര്‍മ പറഞ്ഞു. അസമിലെ ലഖിംപൂരിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ബദറുദ്ദീന്‍ അജ്മല്‍ അത്ഭുത രോഗശാന്തി ചെയ്യുന്നുണ്ട്. പൊതു മീറ്റിങ്ങുകളില്‍ അദ്ദേഹം ഇത്തരം തന്ത്രങ്ങള്‍ ഇറക്കാറുണ്ട്. ബദറുദ്ദീന്‍ അജ്മല്‍ രോഗശാന്തി തുടരുകയാണെങ്കില്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടും. ഹിമന്ത ബിശ്വ ശര്‍മ പറയുന്നത് നിങ്ങള്‍ കേള്‍ക്കണ്ട, നിയമസഭ പറയുന്നത് കേള്‍ക്കൂ, അത്ഭുത രോഗശാന്തി നിയമസഭ നിര്‍ത്തലാക്കിയിരിക്കുകയാണ്,' ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

എന്നാല്‍ ബദറുദ്ദീന്‍ ഒരു ആത്മീയ നേതാവാണെന്നും രോഗശാന്തിക്കായി ജനങ്ങള്‍ തന്നെ അദ്ദേഹത്തെ സമീപിക്കുന്നതാണെന്നും എഐയുഡിഎഫ് നേതാക്കള്‍ പറഞ്ഞു. ബദറുദ്ദീന്‍ ഊതിയ വെള്ളം അത്ഭുത രോഗശാന്തി ഉണ്ടാക്കുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസമാണ് സംസ്ഥാനത്ത് അശാസ്ത്രീതമായ രോഗശാന്തി രീതികള്‍ നിരോധിച്ചുകൊണ്ടുള്ള ബില്‍ നിയമസഭയില്‍ പാസാക്കിയത്. കുറ്റം ചെയ്​തു എന്ന് കണ്ടെത്തിയാല്‍ ഒരു വര്‍ഷം തടവും 5000 രൂപ പിഴയും ലഭിക്കും. തടവ് മൂന്ന് വര്‍ഷം വരെ നീളാനും സാധ്യതയുണ്ട്. 

Himanta Biswasharma warns against Badruddin Ajmal