സ്വന്തം മതത്തില്‍ നിന്ന് കല്യാണം കഴിച്ചാല്‍ മതി; സമാധാനമുണ്ടാകുമെന്ന് അസം മുഖ്യമന്ത്രി

രാജ്യത്ത് സമാധാനം ഉണ്ടാകുന്നതിനായി ഹിന്ദുക്കളും മുസ്​ലിംകളും സ്വന്തം മതത്തില്‍ നിന്നും വിവാഹം കഴിച്ചാല്‍ മതിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ. മിശ്രവിവാഹമാണ് രാജ്യത്തിന്റെ തന്നെ സമാധാനം കളയുന്നതെന്നും അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യത്യസ്ത മതത്തിലുള്ളവര്‍ പ്രണയിക്കുന്നത് സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിലേക്ക് നയിക്കും. പിന്നാലെ ഒരാള്‍ മറ്റൊരാളെ സ്വന്തം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുമെന്നും അങ്ങനെയാണ് പല പ്രശ്നങ്ങളുമുണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

അസമിലെ ഗോലഘട്ടില്‍ 25കാരന്‍ ഭാര്യയെയും ഭാര്യയുടെ മാതാപിതാക്കളെയും കൊലപ്പെടുത്തിയ വാര്‍ത്തയെ തുടര്‍ന്നുണ്ടായ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  ഇത് ലവ് ജിഹാദാണെന്നും കൊലപ്പെട്ട യുവതി ഹിന്ദുവാണെന്നും പ്രതിയായ ഭര്‍ത്താവ് മുസ്​ലിമാണെന്നുമായിരുന്നു ഹിമന്തയുടെ ആരോപണം. ഇതിനെതിരെ കടുത്ത ഭാഷയിലാണ് കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷനായ ഭൂപേന്‍ ബോറ പ്രതികരിച്ചത്. പ്രണയത്തിലും യുദ്ധത്തിലും എല്ലാം ന്യായമാമെന്നും പുരാണകാലം മുതല്‍ക്കേ വിവിധതരം വിവാഹരീതികള്‍ നിലനിന്നിരുന്നുവെന്നും കൃഷ്ണനും രുഗ്മിണിയുമായുള്ള വിവാഹം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നത്തെ കാലത്ത് മുഖ്യമന്ത്രിയിങ്ങനെ വ്യത്യസ്ത മതത്തില്‍പ്പെട്ടവരും, ജാതിയില്‍പ്പെട്ടവരും വിവാഹം കഴിക്കുന്നതും നോക്കിയിരിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. 

എന്നാല്‍ തന്റെ ലവ് ജിഹാദ് പരാമര്‍ശത്തിന് കൃഷ്ണനെ വലിച്ചിഴച്ചത് ശരിയായില്ലെന്നും കൃഷ്ണന്‍ രുഗ്മിണിയെ നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്നും ഹിമന്ത പറഞ്ഞു. മതവികാരം വ്രണപ്പെടുത്തിയതിന് ബോറയ്ക്കെതിരെ പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്നും  മുഹമ്മദ് നബിയെയും യേശുവിനെയും താന്‍ വിവാദത്തിലേക്ക് വലിച്ചിഴച്ചില്ലല്ലോയെന്നും അസം മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബോറയ്ക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുക്കണമെന്നും ഹിമന്ത ബിസ്വ ആവശ്യപ്പെട്ടു.

there will be peace in the country if Hindu men marry women of their community; Assam CM