'വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമം'; രാഹുല്‍ ഗാന്ധിക്കെതിരെ ഹിമന്ത ബിശ്വ ശര്‍മ

രാഹുൽ ഗാന്ധി ന്യായ് യാത്രയിലൂടെ അസമിൽ വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസമിലെ ക്ഷേത്ര സന്ദര്‍ശനം, രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും ഹിമന്ത ആരോപിച്ചു. അതേസമയം വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി പോരാടുമെന്ന് രാഹുൽ ഗാന്ധി ബംഗാളില്‍ പറഞ്ഞു. മുന്നണിയുമായി ഉടക്കി നിൽക്കുന്ന മമത ബാനർജിയുമായി രാഹുൽ ഗാന്ധിയോ മല്ലികാർജുൻ ഖർഗെയോ ചർച്ച നടത്തും. അസമിൽ നിന്ന് ന്യായ് യാത്ര കൂച്ച് ബെഹാറിലൂടെ ബംഗാളിലേക്ക് കടന്നപ്പോഴായിരുന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഗൗരവതരമായ ആരോപണം.

ന്യായ് യാത്ര ബിജെപിയുടെയും ആർഎസ്എസിന്റെയും വിദ്വേഷ രാഷ്ട്രീയത്തിനെതിരെയാണെന്നും ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി അതിനെ ചെറുത്തു തോൽപ്പിക്കും എന്നും രാഹുൽ ഗാന്ധി. യാത്രയിലേക്ക് ക്ഷണിച്ചില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആരോപണം ഉന്നയിക്കുകയും ഇന്ത്യ മുന്നണിയുമായി ഉടക്കി നിൽക്കുകയും ചെയ്യുന്നതിനിടെ  ബംഗാളിലെത്തിയ രാഹുൽ മുന്നണി ഒറ്റക്കെട്ട് എന്ന സന്ദേശം നൽകാൻ ശ്രദ്ധിച്ചു മമത യാത്രയിൽ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നതിനാൽ രാഹുൽ ഗാന്ധിയോ മല്ലികാർജുൻ ഖർഗെ യോ  അനുനയ ചർച്ച നടത്തും. ബംഗാളിൽ ഇന്ത്യ മുന്നണിയെ തകർക്കുന്നത്  കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരിയാണെന്നും    കോൺഗ്രസ് ബിജെപിയെ പരാജയപ്പെടുത്തിയാൽ ഭരണഘടനക്കുവേണ്ടി പോരാടുന്ന മുന്നണിയുടെ ഭാഗമാകുമെന്നും TMC നേതാവ് ഡെറിക് ഒബ്രിയൻ പ്രതികരിച്ചു.മമതയുടെ നിലപാട് കല്ല് ഉരുളുന്ന പോലെയാണെന്നും ബിജെപിയുടെ ഉപദേശപ്രകാരമാണ് ടിഎംസി രൂപീകരിച്ചതെന്നും സിപിഎം വിമർശിച്ചു. ബംഗാളിലെ 7 ജില്ലകളിലൂടെ അഞ്ചു ദിവസം എടുത്ത് 523 കിലോ മീറ്റർ പിന്നിടുന്ന യാത്രയിൽ ഇടത് പാർട്ടികൾ പങ്കെടുക്കും. വരുന്ന രണ്ടുദിവസം യാത്രയ്ക്ക് വിശ്രമ ദിനങ്ങളാണ്.

Himanta biswa sharma against rahul gandhi