ഗഗൻയാൻ ദൗത്യത്തിനായി നാല് ഫൈറ്റര്‍ പൈലറ്റുമാര്‍; വനിതകളില്ല; എന്തുകൊണ്ട്?

അടുത്തവർഷം അവസാനത്തോടെ പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിക്കായുള്ള  ഗഗൻയാൻ യാത്രാസംഘത്തിലെ 4 ഫൈറ്റർ പൈലറ്റുമാരുടെ പേരുകൾ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (വിഎസ്എസ്‌സി) പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുമ്പോള്‍ രാജ്യം ആ വാക്കുകള്‍ക്ക് കാതോര്‍ക്കുകയായിരുന്നു. പാലക്കാട് നെന്മാറ സ്വദേശിയായ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റന്മാരായ അജിത് കൃഷ്ണൻ, അംഗദ് പ്രതാപ്, വിങ് കമാൻഡർ ശുഭാംശു ശുക്ല എന്നിവരെ പ്രധാനമന്ത്രി ലോകത്തിനു പരിചയപ്പെടുത്തി. നാലുവർഷം മുൻപ് അറുപതോളം പേരിൽനിന്നു വിവിധ ഘട്ടങ്ങളിലൂടെ ചുരുക്കപ്പട്ടികയിലെത്തിയ ഇവരുടെ പേരുകൾ അതീവരഹസ്യമായാണ് സൂക്ഷിച്ചിരുന്നത്

പിന്നീട് പല കോണുകളില്‍ നിന്നും ഉയര്‍ന്നുകേട്ട ചോദ്യമിതായിരുന്നു. എന്തുകൊണ്ടാണ് ഇന്ത്യയുടെ ബഹിരാകാശ യാത്രാ പദ്ധതിക്കായുള്ള നാല് ഫൈറ്റര്‍  പൈലറ്റുമാരുടെ പേരുകളില്‍ ഒരു വനിതയില്ലാത്തത്?  കേള്‍ക്കുന്ന ആര്‍ക്കും ന്യായമായി ഉണ്ടാകുന്ന സംശയം തന്നെ. ബഹിരാകാശത്തേക്ക് പോയ നാല് ഇന്ത്യക്കാരിലും ഇന്ത്യൻ വംശജരിലും രണ്ടുപേർ സ്ത്രീകളാണ്. കൽപന ചൗളയും സുനിത വില്യംസും തലമുറകളെ പ്രചോദിപ്പിച്ചവരാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ ദൗത്യത്തിന് ഒരു സ്ത്രീയെ തിരഞ്ഞെടുക്കാത്തത്?

 ബഹിരാകാശ പറക്കലിന് യാത്രികരെ തിരഞ്ഞെടുക്കുന്ന രീതിയിലാണ് ആ ഉത്തരമിരിക്കുന്നത്. കന്നി ദൗത്യങ്ങൾക്കായി നിയുക്ത ബഹിരാകാശയാത്രികരെ ടെസ്റ്റ് പൈലറ്റുമാരുടെ ഒരു കൂട്ടത്തിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുമ്പോൾ ഇന്ത്യക്ക് ഒരു വനിതാ ടെസ്റ്റ് പൈലറ്റ് ഇല്ലായിരുന്നു. ടെസ്റ്റ് പൈലറ്റുമാർ ഉയർന്ന വൈദഗ്ധ്യമുള്ള വൈമാനികരാണ്, അടിയന്തര ഘട്ടങ്ങള്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്യാന്‍ അറിയാവുന്നവരാണ് ഇവര്‍.അങ്ങനെ ഒരു വനിതാ ടെസ്റ്റ് പൈലറ്റ് ആ അറുപതംഗ സംഘത്തില്‍ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.