ബിടിഎസ് പൂര്‍ണമായും സൈനിക സേവനത്തിന്; വേദനയോടെ ‘ആര്‍മികള്‍’

പുതുതലമുറയുടെ ഇഷ്ട ബാന്റായ ബി ടി എസിലെ എല്ലാവരും സൈനിക സേവനത്തിലേക്ക്. മുന്‍പേ സേനയില്‍ ചേര്‍ന്ന മൂന്ന് പേര്‍ക്കൊപ്പം ജങ്ഗൂക്ക്, ആര്‍ എം, വി, ജിമിന്‍ എന്നിവരും നിര്‍ബന്ധിത സൈനിക സേവനത്തിനായി എത്തുകയാണ്. 

ഇനി കുറച്ച് കാലത്തേക്ക് അവരുടെ സോളോയും നമുക്ക് പ്രതീക്ഷിക്കാനാവില്ല. വേദനയോടെ ഒരു ആര്‍മി ഫാന്‍ എക്സില്‍ കമന്റ് ചെയ്തപ്പോളാണ് ബി ടി എസ് പൂര്‍ണമായും സൈനികസേവനത്തിനായി ചേരുന്നു എന്ന് ലോകമെമ്പാടുമുള്ള ആര്‍മികള്‍ വേദനയോടെ മനസിലേക്കെടുത്തത്. "We love you BTS"എന്നല്ലാതെ പിന്നൊന്നും അവര്‍ക്ക് പറയാനുണ്ടായിരുന്നില്ല. ജേ ഹോപ്പ്, ജിന്‍, ഷുഗ എന്നിവര്‍ നേരത്തെ തന്നെ സേനയില്‍ എത്തിയിരുന്നു. പിന്നാലെയാണിപ്പോള്‍ ബാക്കി നാലുപേരും സൈനികരാവുന്നത്. വരുന്ന പതിനൊന്നിന് ആര്‍ എമ്മും, വിയും ആദ്യം റിപ്പോര്‍ട്ട് ചെയ്യും. പിറ്റേന്ന് ജങ്ഗൂക്കും, ജിമിനും എത്തും. 18നും 28 നും മധ്യേ പ്രായമുള്ള പൂര്‍ണ ശേഷിയുള്ള എല്ലാ പുരുഷന്‍മാരും നിര്‍ബന്ധിത സൈനിക സേവനം അനുഷ്ഠിക്കണമെന്നാണ് സൗത്ത് കൊറിയയിലെ നിയമം. ചുരുങ്ങിയ കാലംകൊണ്ട് ലോകമെമ്പാടും ആരാധകരുള്ള കെ പോപ് ബാന്റായി  എന്ന് മാത്രമല്ല സൗത്ത് കൊറിയയുടെ സാമ്പത്തിക മേഖലയ്ക്ക് പോലും വലിയ മുതല്‍ക്കൂട്ടാവാന്‍ ഈ ഏഴംഗ സംഘത്തിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇവരെ നിര്‍ബന്ധിത സൈനിക സേവനം എന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കണോ എന്ന് പോലും നിയമജ്ഞര്‍ ആലോചിച്ചിരുന്നു. എന്നാല്‍ ബി ടി എസ് തന്നെ സൈനിക സേവനത്തിന് പോകാനുള്ള തീരുമാനം മാറ്റില്ലെന്ന് പ്രഖ്യാപിച്ചു. അവര്‍ക്കറിയാമായിരുന്നു. ഡൈമനമൈറ്റിലേക്കാള്‍, പെര്‍മിഷന്‍ ടു ഡാന്‍സിനേക്കാള്‍, ബട്ടറിനേക്കാള്‍ മികച്ച് ഒരു നമ്പറുമായി തങ്ങള്‍ തിരിച്ചുവരുമെന്ന് ആരാധകര്‍ക്ക് ഉറപ്പാണെന്ന്. അതെ ആര്‍മിക്കാര്‍ കാത്തിരിക്കുകയാണ്, 2025ല്‍ സൈനിക സേവനം പൂര്‍ത്തിയാക്കി ബി ടി എസ് വരുന്ന ആ ദിവസത്തിനായി.

BTS Jimin v Jung kook m begin military service enlistmen