'ബിടിഎസ്' സംഘത്തെ കാണണം; കപ്പലില്‍ കൊറിയയിലേക്ക് പോകാനിറങ്ങി കുട്ടികള്‍; പിടികൂടി

ദക്ഷിണ കൊറിയന്‍ സൂപ്പര്‍ ബാന്‍ഡായ ബിടിഎസ് സംഘത്തെ കാണാന്‍ വീടുവിട്ടറങ്ങിയ കുട്ടികളെ ആര്‍പിഎഫ് പിടികൂടി. തമിഴ്നാട് കാരൂര്‍ സ്വദേശികളായ മൂന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിനികളാണ് ബിടിഎസ് ആരാധന മൂത്ത് വീടുവിട്ടറങ്ങിയത്. കപ്പല്‍ വഴി ദക്ഷിണ കൊറിയയിലേക്ക് പോകുകയായിരുന്നു കുട്ടികളുടെ ലക്ഷ്യമെന്ന് ആര്‍പിഎഫ് പറഞ്ഞു. 14,000 രൂപയുമായി ട്രെയിനില്‍ കാട്പടിയില്‍ എത്തിയ കുട്ടികളെ സംശയം തോന്നി ആര്‍പിഎഫ് പിടികൂടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

ജനുവരി നാലിനാണ് കുട്ടികള്‍ വീടുവിട്ടിറങ്ങിയത്. ചെന്നൈയിലേക്ക് എത്തിയ ശേഷം അവിടെ നിന്ന് വിശാഖ പട്ടണത്തേക്ക് കടക്കാനായിരുന്നു കുട്ടികളുടെ പദ്ധതി. എന്നാല്‍ ക്ഷീണം തോന്നിയതോടെ ഭക്ഷണം വാങ്ങാനായി മൂവരും കട്പാടി റെയില്‍വേസ്റ്റേഷനിലിറങ്ങി. ഇതോടെ ട്രെയിന്‍ നഷ്ടമായി. തുടര്‍ന്ന് സംശയം തോന്നി പിടികൂടിയ ആര്‍പിഎഫ് വിശദമായി ചോദ്യം ചെയ്തു. വീട് വിട്ടിറങ്ങിയതാണെന്ന് ബോധ്യമായതോടെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വന്നു. കുട്ടികളായതിനാല്‍ പൊലീസ് ഇവരെ വെല്ലൂരിലെ ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറിയെന്നും ശിശുക്ഷേമ സമിതിയുടെ ഷെല്‍ട്ടര്‍ ഹോമിലാണ് നിലവില്‍ കുട്ടികളുള്ളതെന്നും പൊലീസ് ഇന്‍സ്പെക്ടര്‍ ഓം പ്രകാശ് വ്യക്തമാക്കി. കുട്ടികള്‍ക്ക് വിശദമായ കൗണ്‍സിലിങ് നല്‍കിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം മടക്കിയയ്ക്കും. 

രണ്ട് ദിവസത്തെ യാത്രയ്ക്ക് ശേഷം എണ്ണായിരത്തോളം രൂപ കുട്ടികളുടെ കൈവശമുണ്ടെന്നും വീട്ടിലെ സമ്പാദ്യത്തില്‍ നിന്നാണ് മൂവരും പണം കൈക്കലാക്കിയതെന്നും പൊലീസ് പറയുന്നു. ഭാവിയില്‍ ഇത്തരം സാഹസം ചെയ്യില്ലെന്നും കുട്ടികള്‍ കൗണ്‍സിലര്‍മാര്‍ക്ക് ഉറപ്പ് നല്‍കി. 

Three girls left home to meet BTS members in South Korea, rescued by RPF