യുദ്ധക്കപ്പലില്‍ വനിതാ കമാന്‍ഡിങ് ഓഫിസര്‍; പുതുചരിത്രം

നാവികസേനയുടെ ചരിത്രത്തില്‍ ആദ്യമായി യുദ്ധക്കപ്പലില്‍ വനിതാ കമാന്‍ഡിങ് ഓഫിസര്‍ ചുമതലയേറ്റു. നാവികസേന മേധാവി ആര്‍. ഹരികുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെസ്റ്റേണ്‍ സീബോര്‍ഡിലാണ് രാജ്യത്തെ ആദ്യ വനിതാ കമാന്‍ഡിങ് ഓഫിസര്‍ ചുമതലയേറ്റത്. ഇവരുടെ പേരുവിവരങ്ങള്‍ സേന പുറത്തുവിട്ടിട്ടില്ല. പ്രീ–കമ്മിഷന്‍ കൂടി പൂര്‍ത്തിയാവേണ്ടതുണ്ടെന്നും നാവികസേന വ്യക്തമാക്കി. 

സേനയിലെ എല്ലാ റാങ്കുകളും എല്ലാ പദവികളും സ്ത്രീകള്‍ക്കും കൂടി പ്രാപ്തമാക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നിര്‍ണായക ചുവടുവയ്പാകും ഈ നിയമനം എന്നും അദ്ദേഹം വ്യക്തമാക്കി.  ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഐഎന്‍എസ് ചില്‍കയില്‍ ആദ്യ ബാച്ച് അഗ്നിവീറുകള്‍ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. ഇതില്‍ 272 പേര്‍ സ്ത്രീകളായിരുന്നു. നിലവിലെ ബാച്ചില്‍ 454 സ്ത്രീകളുണ്ട്. മൂന്നാമത്തെ ബാച്ച് കൂടി പരിശീലനം പൂര്‍ത്തിയാക്കുന്നതോടെ ആയിരം കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാവികസേന ദിനത്തോട് അനുബന്ധിച്ച് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

 തൊഴിലവസരങ്ങളുണ്ടായിരുന്നുവെങ്കിലും കൂടുതലായും ഭരണനിര്‍വഹണ കാര്യങ്ങളില്‍ മാത്രമാണ് സേനയില്‍, പ്രത്യേകിച്ചും നാവിക സ്ത്രീകളെ ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ കാതലായ മാറ്റങ്ങള്‍ പില്‍ക്കാലത്തുണ്ടായി. യുഎസ് ആര്‍മിയിലടക്കം ആക്ടീവായ ഡ്യൂട്ടി സ്റ്റാഫുകളില്‍ ആറിലൊരാള്‍ വനിതയാണെന്ന് രാജ്യാന്തര കണക്കുകളും സൂചിപ്പിക്കുന്നു. 

2020 ലെ സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് ലിംഗസമത്വം ഇന്ത്യയിലെ സേനാവിഭാഗങ്ങളിലും നടപ്പിലായത്. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായതിന് പിന്നാലെ സൈന്യത്തില്‍ ചേരുന്നതിനുള്ള അവസരം ഇതോടെ സ്ത്രീകള്‍ക്കും ലഭിച്ചു. നിലവില്‍ ഇന്ത്യന്‍ സൈന്യത്തില്‍ 7,093 സ്ത്രീകളാണ് വിവിധ റാങ്കുകളിലായി സേവനം അനുഷ്ഠിക്കുന്നത്. ഇതില്‍ 748 പേര്‍ നേവിയിലുണ്ട്. 1636 വനിതാ ഓഫിസര്‍മാരാണ് വ്യോമസേനയിലുള്ളത്. 

In first, Indian Navy appoints woman as Command Officer in Navy ship