ഷാരൂഖ് കൈക്കൂലി നല്‍കി; കുറ്റക്കാരന്‍; കേസെടുക്കണമെന്ന് സമീര്‍ വാങ്കഡെ

ലഹരിക്കേസില്‍ നിന്നും മകനെ ഒഴിവാക്കുന്നതിനായി ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ കൈക്കൂലി നല്‍കിയെന്നും അതുകൊണ്ട് കുറ്റക്കാരനാണെന്നും ആരോപിച്ച് സമീര്‍ വാങ്കഡെ. പരാതിയില്‍ ഭേദഗതി വരുത്താന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് എന്‍സിബി മുംബൈ മുന്‍ സോണല്‍ ഡയറക്ടറായിരുന്ന സമീര്‍ വാങ്കഡെ  ഈ വാദം കൂടി ചേര്‍ത്തത്. ആഡംബര കപ്പലിലെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് വാങ്കഡെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് ആരോപിച്ചാണ് സിബിഐ കേസെടുത്തത്. ഷാരൂഖിനെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി ജൂൈല  20 ന് വാദം കേള്‍ക്കും. സമീര്‍ വാങ്കഡെയ്ക്ക് അനുവദിച്ചിരുന്ന ഇടക്കാല ജാമ്യവും കോടതി അന്നേ ദിവസം വരെ നീട്ടിയിട്ടുണ്ട്. ആര്യന്‍ ഖാനെ കേസില്‍ നിന്ന് ഒഴിവാക്കുന്നതിനായി 25 കോടി രൂപ വാങ്കഡെയും മറ്റ് നാല് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടുെവന്നാണ് സിബിഐ പറയുന്നത്. ക്രിമിനല്‍ ഗൂഢാലോചനയും ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ ചുമത്തിയിട്ടുണ്ട്. 

2021 ഒക്ടോബറിലാണ് ആഡംബര കപ്പലില്‍ നിന്നും ലഹരി ഉപയോഗത്തിനും കടത്തിനും ആര്യന്‍ ഉള്‍പ്പടെയുള്ളവരെ വാങ്കഡെയും സംഘവും അറസ്റ്റ് ചെയ്യുന്നത്. മൂന്ന് ആഴ്ച ജയിലില്‍ കഴിഞ്ഞ ശേഷമാണ് ആര്യന് ജാമ്യം ലഭിച്ചത്. എന്‍സിബിയുടെ പ്രത്യേക സംഘം കേസിന്റെ അന്വേഷണം ഏറ്റെടുക്കുകയും മതിയായ തെളിവുകളില്ലെന്ന കാരണത്താല്‍ ആര്യന്റെ പേര് കുറ്റപത്രത്തില്‍ നിന്നൊഴിവാക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം ഉദ്യോഗസ്ഥര്‍ക്കെതിരെ തന്നെ എന്‍സിബി അന്വേഷണം പ്രഖ്യാപിച്ചത്. 

Shah Rukh Khan paid bribe, must be made accused; Sameer Wankhede